പുതിയ രീതിയുമായി ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകാര്‍

സിം സ്വാപ്പിലൂടെ പണം തട്ടുന്നു

സൈബര്‍ തട്ടിപ്പുകളില്‍ ഇപ്പോഴത്തെ മാര്‍ഗമാണ് സിം സ്വാപ്പിംഗ്. ബാങ്ക് അക്കൗണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതാണ് സിം സ്വാപ്പിംഗിനു പ്രാധാന്യമേറാന്‍ കാരണം. അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പരുകള്‍, സ്വകാര്യ വിവരങ്ങള്‍ എല്ലാം മൊബൈലുമായി ബന്ധിപ്പിച്ചിരിക്കുന്നതാണ് തട്ടിപ്പുകാരെ ഈ മാര്‍ഗത്തിലേക്ക് ആകര്‍ഷിക്കുന്നത്. സിം സ്വാപ്പിംഗ് 2013ല്‍ അമേരിക്കയിലും യൂറോപ്പിലുമാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും ഇപ്പോള്‍ ഇന്ത്യയിലും തുടങ്ങിയിട്ടുണ്ട്. ഈ തട്ടിപ്പു മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ 200 കോടി രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇന്ന് ബാങ്കിംഗ് സര്‍വീസുകള്‍ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് വണ്‍ ടൈം പാസ്വേഡ് (ഒടിപി), യുണീക് രജിസ്‌ട്രേഷന്‍ നന്പര്‍ (യുആര്‍എന്‍), 3ഡി സുരക്ഷാ കോഡ് മുതലായവ ഉണ്ട്. അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ ഫോണ്‍ നന്പരിലൂടെയാണ് ഇവയെല്ലാം ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. സിം സ്വാപ്പിംഗ് തട്ടിപ്പുകാര്‍ ഇരകളെ ഫിഷിംഗ് എന്ന രീതിയിലാണ് പിടിക്കുക. ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങിയവയുടെ പേരില്‍ മെയില്‍ അയച്ച് വ്യക്തികളുടെ പേര്, ജനനത്തീയതി, വിലാസം, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ശേഖരിക്കുന്നു. ഇതോടൊപ്പം അവരുടെ സ്വകാര്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍നിന്ന് മാല്‍വേര്‍ ഉപയോഗിച്ച് ചോര്‍ത്തും. അടുത്ത ഘട്ടത്തിലാണ് സ്വാപ്പിംഗ് നടക്കുക. മുകളില്‍ സൂചിപ്പിച്ച വിവരങ്ങള്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ നഷ്ടപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി തട്ടിപ്പുകാര്‍ ടെലികോം സര്‍വീസ് പ്രൊവൈഡറെ സമീപിക്കും. ഇത്തരത്തില്‍ ഉപയോക്താക്കളുടെ ബാങ്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള നമ്പരില്‍ പുതിയ സിം തരപ്പെടുത്തും. പുതിയ സിം ആക്ടിവേറ്റ് ആകുന്നതോടെ പഴയ സിം പ്രവര്‍ത്തനരഹിതമാകും. അതായത് യഥാര്‍ഥ ഉടമയുടെ പക്കലുള്ള സിം ഉപയോഗിക്കാന്‍ കഴിയാതെവരും. ഇങ്ങനെ പുതിയ സിം തരപ്പെടുത്തിയാല്‍ തട്ടിപ്പുകാര്‍ ഇരകളുടെ ബാങ്ക് അക്കൗണ്ടുകളാണ് ലക്ഷ്യംവയ്ക്കുന്നത്. ഓണ്‍ലൈന്‍ ബാങ്കിംഗ് സര്‍വീസുകളില്‍ പാസ്‌വേഡ് റീസെറ്റ്, ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറിംഗ് എന്നിവയ്ക്ക് വണ്‍ ടൈം പാസ്‌വേഡ് വേണം. അതുകൊണ്ടുതന്നെ ഈ സിം ഉപയോഗിച്ച് അവര്‍ക്ക് അനായാസം അക്കൗണ്ടിലെ തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും.
എങ്ങനെ സുരക്ഷിതരാകാം
* മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍നിന്നുതന്നെ ആദ്യ സൂചന. അതായത്, തുടര്‍ച്ചയായി ഫോണില്‍ നെറ്റ്‌വര്‍ക്ക് കാണിക്കുന്നില്ലെങ്കില്‍ എത്രയും പെട്ടെന്ന് മൊബൈല്‍ ഓപ്പറേറ്ററെ വിളിച്ച് പരാതി നല്കണം.
* ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ കൃത്യമായി പരിശോധിക്കണം. ഇടപാടുകള്‍ക്കുശേഷം എസ്എംഎസ് അലേര്‍ട്ട് കൂടാതെ മെയില്‍ അലേര്‍ട്ടും ലഭ്യമാക്കാനുള്ള സംവിധാനം ചെയ്യണം.
* സിം കാര്‍ഡിലെ 20 അക്ക നമ്പര്‍ പങ്കുവയ്ക്കരുത്.
* സോഷ്യല്‍ മീഡിയയിലും മറ്റും മൊബൈല്‍ നന്പര്‍ പ്രദര്‍ശിപ്പിക്കരുത്.
* ഫിഷിംഗ് മിസ്ഡ് കോളിലൂടെയും
മുംബൈ സ്വദേശിയായ ഒരു ബിസിനസുകാരന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ടത് 1.86 കോടി രൂപയാണ്. അര്‍ധരാത്രിയില്‍ വന്ന മിസ്ഡ് കോളുകളിലൂടെയാണ് അദ്ദേഹത്തിന്റെ സിം സ്വാപ് ചെയ്യപ്പെട്ടത്. വിവിധ ബാങ്കുകളിലേക്ക് മാറ്റപ്പെട്ട തുകയില്‍ 20 ലക്ഷം രൂപ മാത്രമേ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുള്ളൂ. കോല്‍ക്കത്ത, ബംഗളൂരു, മുംബൈ, ഡല്‍ഹി പോലീസ് സൈബര്‍സെല്ലുകളില്‍ ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ മേഖലയെക്കുറിച്ച് അറിവില്ലാത്തവരാണ് തട്ടിപ്പുകള്‍ക്ക് ഇരയായിരിക്കുന്നത് എന്ന് കരുതരുത്. ടെക് മേഖലയിലുള്ള യുവാക്കള്‍ വരെ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ പൗരനും ഇത് വലിയ വെല്ലുവിളിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍