ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ ഗൂഗിള്‍ തിരഞ്ഞത് രാഹുലിനെ

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ വിഭാഗത്തില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ രാഷ്ട്രീയ നേതാവ് എന്ന ബഹുമതി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി സ്വന്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്നിലാക്കിയാണ് രാഹുലിന്റെ നേട്ടം.
2018 ജനുവരി ഒന്നിനും 2019 ജനുവരി ആറിനും ഇടയില്‍ ഗൂഗിള്‍ ന്യൂസിലെ അന്വേഷണാടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ആഗോളതലത്തില്‍ രാഹുല്‍ ഗാന്ധി 100ല്‍ 44 പോയിന്റ് നേടിയപ്പോള്‍ മോദിക്ക് നേടാനായത് 35 മാത്രമാണ്. ഇന്ത്യയില്‍ രാഹുല്‍ 49 പോയിന്റും മോദി 38 പോയിന്റും നേടി. വര്‍ദ്ധനവ് കൂടിവരികയാണ് രാഹുലിന്റെ കാര്യത്തില്‍. മോദിയുമായും രാഹുല്‍ ഗാന്ധിയുമായും ബന്ധപ്പെട്ട കീവേര്‍ഡുകള്‍ ഗ്രാഫുകളുടെ സഹായത്തോടെയാണ് 'ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ്.കോം' വിശദീകരിക്കുന്നത്.
കോണ്‍ഗ്രസിനേക്കാള്‍ സോഷ്യല്‍ മീഡിയ ആയുധമാക്കുന്നത് ബി.ജെ.പിയാണ്. 2014ല്‍ മോദി ആയിരുന്നു ഈ നേട്ടത്തില്‍ മുന്നില്‍. അന്ന് രാഹുല്‍ഗാന്ധിക്ക് 4 പോയിന്റ് മാത്രമാണ് ഉണ്ടായിരുന്നത്, മോദിക്കാകട്ടെ, 37 പോയിന്റും. അന്ന് എതിരാളികളും ബി.ജെ.പി അനുകൂല സംഘടനകളും 'പപ്പു' എന്നു വിളിച്ച് രാഹുല്‍ഗാന്ധിയെ പരിഹസിച്ചിരുന്നു. എന്നാല്‍, ക്യാംപെയിനുകളൊന്നും തന്നെ ഇല്ലാതെയാണ് ഇത്തവണത്തെ രാഹുലിന്റെ നേട്ടം. എന്നാല്‍, മോദിയാണ് പരസ്യപ്രചരണങ്ങളില്‍ മാധ്യമങ്ങലെ കൂടുതല്‍ ഉപയോഗിച്ചതും. 2014ലേതു പോലെ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അത്ര എളുപ്പമുള്ളതാകില്ലെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വിഭിന്നമായി നവമാദ്ധ്യമങ്ങളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ രാഹുല്‍ നിരന്തരമായി ട്വിറ്ററില്‍ സജീവമായിരുന്നു. മോദിക്കെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളാണ് കൂടുതലും ട്വീറ്റ് ചെയ്തത്. ട്വിറ്ററില്‍ ഫോളോവേഴ്‌സിന്റെ എണ്ണം 76 ലക്ഷവും മോദിക്ക് 4.4 കോടിയുമാണ്. ഫോളോവേഴ്‌സിന്റെ എണ്ണം നോക്കിയാല്‍ മോദി തന്നെയാണ് ഇപ്പോഴും മുന്നില്‍.
ഗുജറാത്തില്‍ മാത്രമാണ് മോദിക്ക് നല്ല പിന്തുണയുള്ളത്. തമിഴ്‌നാട്, ബീഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാഹുലിനാണ് മേല്‍ക്കൈ. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സര്‍വെ നടത്തിയതിലടക്കമുള്ള കാര്യങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ട്വിറ്ററിലും രാഹുലിന്റെ പിന്തുണ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നവരുടെ എണ്ണം മോഡിയേക്കാള്‍ കൂടിയിട്ടുണ്ടെന്നും പുതിയ കണക്കുകള്‍ പറയുന്നു. രാഹുലിന്റെ ജനപിന്തുണ കൂടുന്നത് ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍