ലോട്ടറി മാഫിയയുടെ നീക്കം തടഞ്ഞു; സര്‍ക്കാരിന് ആശ്വാസം


ന്യൂഡല്‍ഹി: ലോട്ടറി നികുതി 28 ശതമാനമാക്കാനുള്ള നിര്‍ദേശം കൂടുതല്‍ പഠനത്തിനായി നീട്ടിവച്ചു. ലോട്ടറി മാഫിയ ജിഎസ്ടി കൗണ്‍സിലിനെ സ്വാധീനിക്കാനുള്ള ശ്രമത്തിനാണ് ഇതുവഴി തടയിട്ടത്. ഇന്നലെ അവരുടെ പ്രതിനിധികള്‍ മന്ത്രിമാരുടെ കൂടിയാലോചന സ്ഥലത്തും എത്തി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്‍പായി തോമസ് ഐസക് മറ്റു സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിച്ചു കൂടിയാലോചന നടത്തിയിരുന്നു.
കേരളത്തില്‍ പുറത്തു നിന്നുള്ള ലോട്ടറിക്ക് 28 ശതമാനം നികുതി കൊടുക്കേണ്ടി വരും സംസ്ഥാന ലോട്ടറിക്ക് 12 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ജിഎസ്ടി കൗണ്‍സിലില്‍ ഒരു മുന്നറിയിപ്പുമില്ലാതെ എല്ലാ ലോട്ടറികള്‍ക്കും 28 ശതമാനം നികുതി എന്ന നിര്‍ദേശം വന്നു. ഇന്നലെ ചേര്‍ന്ന കൗണ്‍സിലില്‍ കേരളം ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. ആറ് കോണ്‍ഗ്രസ് സംസ്ഥാനങ്ങളും ആന്ധ്ര പ്രദേശ്, ഡല്‍ഹി, ബംഗാള്‍ എന്നിവയും കേരളത്തെ പിന്തുണച്ചു. പല സംസ്ഥാനങ്ങളും നിഷ്പക്ഷത പാലിച്ചു.എല്ലാവരോടും നന്ദി പറയുന്നതായി സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ബിഎംഎസ് ഒഴികെയുള്ള എല്ലാ ലോട്ടറി വില്‍പന യൂണിയനുകളും കേന്ദ്ര ധനമന്ത്രിയെ കണ്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ഇക്കാര്യം സംസാരിച്ചു. 
താന്‍ നേരിട്ട് അഹമ്മദ് പട്ടേലുമായും എ.കെ ആന്റണിയുമായും സംസാരിച്ചു. കേരളം ഒറ്റക്കെട്ടായി നിന്നതിന്റെ വിജയമാണിത്. സമിതിയുടെ തീരുമാനം ഒരു പക്ഷേ ഇനി അടുത്ത പൊതുതെരഞ്ഞെടുപ്പു കഴിയുന്നതുവരെ നീണ്ടേക്കാം. 
മൂന്നുമാസമായി കേരളത്തില്‍ നികുതി സമാഹരണത്തില്‍ വര്‍ധനയുണ്ടായെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലേക്കുള്ള എല്ലാ ചരക്കു വാഹനങ്ങളും പരിശോധിക്കുന്നതിനു 150 സ്‌ക്വാഡുകള്‍ ഊര്‍ജിതമായി രംഗത്തുണ്ട്. ഇവേ ബില്ലാണ് ഇതിനു വലിയ സഹായകമായത്. 
അടുത്ത വര്‍ഷം ചരക്കു വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ പ്ലേറ്റ് വരുന്നതോടെ നികുതി അടച്ചിട്ടുണ്ടോയെന്ന കാര്യം വളരെ എളുപ്പത്തില്‍ അറിയാനാകും. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ത്തന്നെ മികച്ച സംവിധാനമുണ്ട്. ഇതേക്കുറിച്ച് ബജറ്റിനു മുമ്പ് നേരിട്ട് പോയി പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി വെളിപ്പെടുത്തി. അടുത്ത വര്‍ഷം ജിഎസ്ടി 20 ശതമാനം വളര്‍ച്ച നേടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍