ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും: മന്ത്രി എ.കെ. ബാലന്‍

ഇരിട്ടി: ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പട്ടികജാതിവര്‍ഗ മന്ത്രി എ.കെ. ബാലന്‍. ആറളം ഫാമില്‍ നടപ്പാക്കുന്ന മാതൃകാ പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞദിവസങ്ങളില്‍ 1500 ആദിവാസി കുടുംബങ്ങള്‍ക്കാണ് സംസ്ഥാനത്ത് പട്ടയം നല്‍കിയത്. 9000 കുടുംബങ്ങള്‍ക്കാണ് ഇനി പട്ടയം ലഭിക്കാനുള്ളത്. ഇതില്‍ 6000 പേര്‍ക്ക് കേന്ദ്ര വനാവകാശ നിയമപ്രകാരം കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. രണ്ടു മാസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയും. വനംവകുപ്പില്‍നിന്ന് റവന്യൂ വകുപ്പിന് വിട്ടുകിട്ടാനുള്ള ഭൂമി വിട്ടുകിട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ബാക്കിയുള്ള 3000 കുടുംബങ്ങള്‍ക്ക് വിലകൊടുത്തുകൊണ്ട് തന്നെ ഭൂമി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 85.21 കോടി രൂപയുടെ സമഗ്ര വികസനപദ്ധതിയുടെ പ്രവൃത്തിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. സണ്ണി ജോസഫ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എംപി മുഖ്യാതിഥിയായിരുന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. റോസമ്മ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടൂപ്പറമ്പില്‍, ജില്ലാ പഞ്ചായത്ത് അംഗം മാര്‍ഗരറ്റ് ജോസ്, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുകഴേന്തി, മുന്‍ എംഎല്‍എ പി. ജയരാജന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍