അലോക് വര്‍മയ്‌ക്കെതിരേ അന്വേഷണത്തിനു നീക്കം

ന്യൂഡല്‍ഹി: സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായുള്ള അഴിമതി അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി. ചൗധരി സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയുടെ വീട്ടില്‍ ചെന്നതായുള്ള വെളിപ്പെടുത്തല്‍ കത്തുന്നു. ഇതിനിടെ, അലോക് വര്‍മയ്‌ക്കെതിരേ സിബിഐ അന്വേഷണത്തിനു സിവിസി ശിപാര്‍ശ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിനു സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നുകണ്ടു സ്വാധീനിക്കാന്‍ സിവിസി ശ്രമിച്ചതാണു വിവരം പുറത്തുവന്നത്. സ്‌പെഷല്‍ ഡയറക്ടര്‍ അസ്താനയുടെ അപ്രൈസല്‍ റിപ്പോര്‍ട്ടിലെ മോശം പരാമര്‍ശങ്ങള്‍ മാറ്റുകയോ ഭേദഗതി വരുത്തുകയോ ചെയ്യാനാണ് വര്‍മയോട് സിവിസി ആവശ്യപ്പെട്ടത്. പരാമര്‍ശങ്ങള്‍ ഡയറക്ടര്‍ പദവിയിലേക്ക് എത്താനുള്ള അസ്താനയുടെ സാധ്യത തടയുമെന്നായിരുന്നു വാദം. അസ്താനയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ മാറ്റിയാല്‍ വര്‍മയുടെ എല്ലാക്കാര്യങ്ങളും ശരിയാകും എന്നും ചൗധരി ഉറപ്പു നല്‍കിയെന്നാണു റിപ്പോര്‍ട്ട്. ഈ കൊടുക്കല്‍ വാങ്ങലിനു പക്ഷേ താന്‍ തയാറല്ലെന്നായിരുന്നു വര്‍മ സ്വീകരിച്ച കര്‍ശന നിലപാട്. സിവിസി അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തിയ ജസ്റ്റീസ് എ.കെ. പട്‌നായിക്കിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ചൗധരിയുടെ അഭ്യര്‍ഥന വര്‍മ തള്ളിയതിനു പിന്നാലെ വന്ന സിവിസി റിപ്പോര്‍ട്ടിന്റെ പേരിലാണ് സിബിഐ ഡയറക്ടറായി സുപ്രീംകോടതി വീണ്ടും നിയമിച്ച വര്‍മയെ പ്രധാനമന്ത്രിയും ജസ്റ്റീസ് എ.കെ. സിക്രിയും ചേര്‍ന്ന സമിതി 48 മണിക്കൂറിനകം നീക്കിയത്. വര്‍മയ്‌ക്കെതിരായ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ തനിക്ക് പങ്കില്ലെന്ന് ജസ്റ്റീസ് പട്‌നായിക് വ്യക്തമാക്കിയിരുന്നു. വര്‍മയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ സിവിസി ചൗധരിയുടെ മാത്രമാണെന്നും പട്‌നായിക് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍