പുനര്‍നിര്‍മാണത്തിനു ഡച്ച് സാങ്കേതിക സഹായം ലഭ്യമാക്കുമെന്ന്

കോട്ടയം: കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ ഭാഗമായുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ഡച്ച് സാങ്കേതിക വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്നു നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി. എംജി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ കെപിഎസ് മേനോന്‍ ചെയര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യനെതര്‍ലന്‍ഡ് ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ നയതന്ത്രപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രളയത്തെത്തുടര്‍ന്ന് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നെതര്‍ലന്‍ഡില്‍നിന്നുള്ള വിദഗ്ധര്‍ കേരളത്തിലെത്തിയിരുന്നു. ഇന്ത്യയും നെതര്‍ലന്‍ഡ്‌സുമായുള്ള രാഷ്ട്രീയ സാന്പത്തിക വിദ്യാഭ്യാസ ബന്ധങ്ങള്‍ ഏറ്റവും മെച്ചപ്പെട്ട നിലയിലാണുള്ളത്. നൂതന കാര്‍ഷിക സാങ്കേതിക വിദ്യകള്‍, മാലിന്യസംസ്‌കരണം, ഭക്ഷ്യ സംസ്‌കരണം, നഗരാസൂത്രണം, മാലിന്യത്തില്‍നിന്നുള്ള ഊര്‍ജോത്പാദനം, നദീശുചീകരണം, ദുരന്തനിവാരണ പ്രവര്‍ത്തനം, സാനിറ്റേഷന്‍ എന്നീ മേഖലകളില്‍ നെതര്‍ലന്‍ഡുമായി സഹകരിച്ചു വിവിധ പദ്ധതികള്‍ ഇന്ത്യയില്‍ പുരോഗമിക്കുന്നുണ്ട്.ജല മാനേജ്‌മെന്റിലും ജലവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിലും ഏറ്റവും മികച്ച സാങ്കേതിക സഹായമാണ് നെതര്‍ലന്‍ഡ്‌സ് ലോകത്തിനു നല്‍കുന്നത്. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ മൂന്നാം സ്ഥാനത്താണ് നെതര്‍ലന്‍ഡ്‌സ്. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലം മുതല്‍ ഇന്ത്യയുമായും കേരളവുമായും അവര്‍ക്കു വലിയ ബന്ധങ്ങളാണുള്ളത്. അവിടുത്തെ ഇരുനൂറോളം കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രത്തോളം ഇന്ത്യന്‍ കമ്പനികള്‍ അവിടെയുമുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കാനുള്ള എല്ലാ സഹായവും സര്‍വകലാശാലയ്ക്കു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മേധാവി പ്രഫ.എ.എം. തോമസ്, ഡോ. എം.വി. ബിജുലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍