മതിലിനു പകരം ഉരുക്കുവേലി മതിയാവുമെന്നു ട്രംപ്

വാഷിംഗ്ടണ്‍ഡിസി : മെക്‌സിക്കോ അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് മതിലിനു പകരം ഉരുക്കുവേലിയാണെങ്കിലും മതിയെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.യുഎസിലെ ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിനു ഡെമോക്രാറ്റുകളുമായി നടത്തുന്ന ചര്‍ച്ച വിജയിച്ചേക്കുമെന്ന് ഇതോടെ പ്രതീക്ഷയേറി. മതിലിനായി 500 കോടി ഡോളറിന്റെ ഫണ്ടു വേണമെന്ന ട്രംപിന്റെ ആവശ്യം ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധി സഭ നിരാകരിച്ചതാണ് ട്രഷറി സ്തംഭനത്തിന് ഇടയാക്കിയത്. ഇതിന്റെ ഫലമായി ഫെഡറല്‍ ജീവനക്കാരുടെ ശമ്പളവും മറ്റും മുടങ്ങി. ഡെമോക്രാറ്റ് നേതാക്കളായ സ്പീക്കര്‍ നാന്‍സിപെലോസി സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക് ഷുമര്‍ എന്നിവരുമായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നു ഞായറാഴ്ച ട്രംപ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. മെക്‌സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കിയേ മതിയാവൂ എന്നു ട്രംപ് ചൂണ്ടിക്കാട്ടി. കോണ്‍ക്രീറ്റ് മതിലിനോടാണ് പ്രതിപക്ഷത്തിന് എതിര്‍പ്പ്. പകരം ഉരുക്കുവേലി നിര്‍മിക്കാനാണ് ഇപ്പോള്‍ ആലോചന. അതു കൂടുതല്‍ ബലവത്താണ്. കാഴ്ചയ്ക്കും നല്ലത്.നല്ല പരിഹാരം ട്രംപ് പറഞ്ഞു. ഡെമോക്രാറ്റുകള്‍ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍