വിവരണാത്മക പരീക്ഷകള്‍ക്കുള്ള ഒഎസ്എം മാര്‍ച്ചോടെ നടപ്പാക്കും: പിഎസ്‌സി ചെയര്‍മാന്‍

പത്തനംതിട്ട: ഉയര്‍ന്ന തസ്തികകളിലേക്ക് പിഎസ്‌സി നടത്തുന്ന വിവരണാത്മക പരീക്ഷകളുടെ നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനായി ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനം (ഒഎസ്എം) മാര്‍ച്ചോടെ നടപ്പാക്കുമെന്ന് ചെയര്‍മാന്‍ എം.കെ.സക്കീര്‍. വിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസ് സ്‌കാന്‍ ചെയ്ത് സ്‌ക്രീനില്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കും. സ്‌ക്രീനിന്റെ പകുതി ഭാഗത്തായി ചോദ്യവും മറുഭാഗത്തായി ഉത്തരവും ദൃശ്യമാകുന്ന വിധത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതുമൂലം വേഗത്തില്‍ ഇവയുടെ മൂല്യനിര്‍ണയം നടത്തുവാന്‍ കഴിയും. ഒന്നിലധികം ആളുകളെ കൊണ്ട് ഒരേ പേപ്പര്‍ മൂല്യനിര്‍ണയം നടത്തി കൃത്യത ഉറപ്പാക്കി വളരെ വേഗം ഫലപ്രഖ്യാപനം നടത്തുവാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകള്‍ക്ക് ഇപ്പോള്‍ കൂടുതലും ഒബ്ജക്ടീവ് പരീക്ഷകളാണ് നടത്തുന്നത്. ഉദ്യോഗാര്‍ഥികളുടെ കാര്യശേഷി പരിശോധിക്കുന്നതിന് വിവരണാത്മക പരീക്ഷകള്‍ കൂടുതല്‍ സഹായകരമായതിനാല്‍ ബിരുദം യോഗ്യതയായുള്ള പരീക്ഷകളെല്ലാം വിവരണാത്മക രീതിയില്‍ നടത്തുന്നതിന് ഈ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ കഴിയുമെന്ന് സക്കീര്‍ ചൂണ്ടിക്കാട്ടി. പ്ലാനിംഗ് ബോര്‍ഡിലെ ചീഫിന്റെ സെലക്ഷനുള്ള പരീക്ഷയാണ് ആദ്യമായി ഈ സംവിധാനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണ് കേരളത്തിലും നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷ വ്യാപനവും പിഎസ്‌സി ലക്ഷ്യമിടുന്നുണ്ടെന്ന് ചെയര്‍മാന്‍ പഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍