തിരിച്ചടിച്ച് അലോക് വര്‍മ; ഇടക്കാല ഡയറക്ടറുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു തിരിച്ചെത്തിയ അലോക് വര്‍മ, ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര്‍ റാവുവിന്റെ സ്ഥലംമാറ്റ ഉത്തരവുകളും റദ്ദാക്കി. അലോക് വര്‍മയുടെ സംഘത്തിലെ 10 മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് സ്ഥാനമേറ്റയുടന്‍ നാഗേശ്വര്‍ റാവു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സ്ഥലംമാറ്റിയത്. സിബിഐയിലെ രണ്ടാമനും സ്‌പെഷല്‍ ഡയറക്ടറുമായിരുന്ന രാകേഷ് അസ്താനയ്‌ക്കെതിരായ കേസില്‍ അന്വേഷണം നടത്തിയിരുന്ന എ.കെ.ബസി, എം.കെ.സിന്‍ഹ, എ.കെ.ശര്‍മ എന്നിവരും ഇത്തരത്തില്‍ സ്ഥലംമാറ്റം ലഭിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. ഈ സ്ഥലംമാറ്റ ഉത്തരവുകളാണ് അലോക് വര്‍മ റദ്ദു ചെയ്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ചയാണ് അലോക് വര്‍മയെ സുപ്രീം കോടതി സിബിഐ ഡയറക്ടര്‍ സ്ഥാനത്തു തിരികെ നിയമിച്ചത്. അലോക് വര്‍മയെ പദവികളില്‍നിന്നു മാറ്റി നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദു ചെയ്തായിരുന്നു സുപ്രീം കോടതി വിധി. പദവി തിരികെ നല്‍കിയെങ്കിലും നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍നിന്നു സുപ്രീം കോടതി അലോക് വര്‍മയെ വിലക്കിയിരുന്നു. എന്നിരുന്നാലും പരാതികളില്‍ കേസെടുക്കാന്‍ അലോക് വര്‍മയ്ക്ക് അധികാരമുണ്ടെന്നാണു നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അലോക് വര്‍മയ്‌ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഡയറക്ടര്‍ നിയമനത്തിനുള്ള ഉന്നതാധികാര സമിതി ബുധനാഴ്ച രാത്രി ചേര്‍ന്നെങ്കിലും തീരുമാനമായില്ല. പ്രധാനമന്ത്രി മോദി, വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, ചീഫ് ജസ്റ്റീസിനു പകരം നിയുക്തനായ ജസ്റ്റീസ് എ.കെ. സിക്രി എന്നിവരാണു സമിതിയിലുള്ളത്. വര്‍മയ്‌ക്കെതിരായ കേസില്‍ വാദം കേട്ടു വിധി പറയുന്ന സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ നിശ്ചയിക്കാനുള്ള സമിതിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി തീരുമാനിച്ചത്. ആരോപണങ്ങളും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ടും വര്‍മയുടെ മറുപടിയുമാണു സമിതി പരിഗണിക്കുന്നത്. റിപ്പോര്‍ട്ട് വലുതായതിനാല്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നു സമിതി വിലയിരുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍