കേരള വാറ്റ് നികുതി കുടിശിക വ്യാപാരികള്‍ അടയ്ക്കണം: ഹൈക്കോടതി

കൊച്ചി: ചരക്കുസേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നെന്ന കാരണത്താല്‍ പഴയ കേരള വാറ്റ് നികുതി കുടിശികയും പിഴയും അടയ്ക്കുന്നതില്‍നിന്നു വ്യാപാരികള്‍ക്ക് ഒഴിവാകാനാവില്ലെന്നു ഹൈക്കോടതി. വാറ്റ് നികുതി കുടിശികയും പിഴയും ഈടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന കേരള ജിഎസ്ടി (ചരക്കു സേവന നികുതി) നിയമത്തിലെ 173, 174 വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. വാറ്റ് നികുതി കുടിശികയും പിഴയും അടയ്ക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുമോയെന്ന ഭരണഘടനാ ചോദ്യമാണു പരിഗണിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട മറ്റു തര്‍ക്കങ്ങള്‍ക്ക് ഉചിതമായ ബദല്‍ ഫോറങ്ങളെ ഹര്‍ജിക്കാര്‍ക്കു സമീപിക്കാമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാറ്റ് നികുതി കുടിശികയും പിഴയും അടയ്ക്കാനുള്ള സര്‍ക്കാരിന്റെ നോട്ടീസിനെ ചോദ്യം ചെയ്തു 3280 ഹര്‍ജികളാണു ഹൈക്കോടതി പരിഗണിച്ചത്. ഇവയില്‍ തീര്‍പ്പു കല്പിച്ചതോടെ 2000 കോടി രൂപയുടെ കുടിശികയും പിഴയും ഈടാക്കാന്‍ സര്‍ക്കാരിനു തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. 2011-2012 വര്‍ഷം മുതലുള്ള കുടിശികയും പിഴയും ഈടാക്കാന്‍ ഹര്‍ജിക്കാരല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താല്‍ 15,000 കോടി രൂപയുടെ നടപടിക്കാണു ഹൈക്കോടതി പച്ചക്കൊടി കാട്ടിയതെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 101 ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ജിഎസ്ടി നിലവില്‍ വന്നത്. ഏതെങ്കിലും സംസ്ഥാനത്തെ നികുതി നിയമം ജിഎസ്ടി നിയമത്തിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്നില്ലെങ്കില്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പ് ഉണ്ടാക്കണമെന്നു വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി അവസാനിച്ചതിനാല്‍ പഴയ വാറ്റ് നികുതി നിയമപ്രകാരമുള്ള നടപടി അസാധുവാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍