കേരള എംപിമാര്‍ക്ക് സോണിയ ഗാന്ധിയുടെ ശാസന

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശത്തില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ച് പാര്‍ലമെന്റിലെത്തിയ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ക്ക് സോണിയാ ഗാന്ധിയുടെ ശാസന. ലോക്‌സഭയില്‍ എംപിമാര്‍ ബാഡ്ജ് കൈമാറിയപ്പോഴാണ് സോണിയ തടഞ്ഞത്. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുവതി പ്രവേശത്തിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് കരിദിനം ആചരിച്ചതിനെ പിന്തുണച്ചാണ് എംപിമാര്‍ കറുത്ത ബാഡ്ജ് ധരിക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കു കേരളത്തില്‍നിന്നുള്ള ഒരു എംപി മറ്റ് എംപിമാര്‍ക്ക് ബാഡ്ജ് കൈമാറുമ്പോള്‍ സോണിയ ശ്രദ്ധിച്ചു. അവര്‍ ഉടന്‍ തന്നെ ഇടപെടുകയും ഇത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ഒപ്പമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് എംപിമാരെ സോണിയ ഓര്‍മിപ്പിച്ചു.സംസ്ഥാനത്തിന്റെ പ്രത്യേക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പ്രതിഷേധിക്കാം. എന്നാല്‍ ദേശീയ തലത്തില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ എതിര്‍ക്കേണ്ടതില്ലെന്ന് യുപിഎ അധ്യക്ഷ കേരള എംപിമാരോട് പറഞ്ഞു. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ഒപ്പമാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതിനാല്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുന്നത് കോണ്‍ഗ്രസ് നിലപാടിന് എതിരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍നിന്നും കോണ്‍ഗ്രസിന് ഏഴ് എംപിമാരാണുള്ളത്. എന്നാല്‍ ഈ വാര്‍ത്ത കേരള എംപിമാര്‍ നിഷേധിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍