നദികള്‍ വറ്റിവരളുന്നു: ഹൈറേഞ്ച് കുടിവെള്ളക്ഷാമത്തിലേക്ക്

ഉപ്പുതറ: കാലാവസ്ഥാ വ്യതിയാനംമൂലം ഹൈറേഞ്ചിലെ നദികളെല്ലാം വറ്റിവളരുന്നു. പ്രളയംനടന്ന് അഞ്ചുമാസം കഴിഞ്ഞപ്പോഴേക്കും പെരിയാര്‍ വറ്റിവരണ്ടുകഴിഞ്ഞു.കഴിഞ്ഞ പ്രളയകാലത്ത് കരകവിഞ്ഞ് നാശനഷ്ടമുണ്ടാക്കിയ നദിയാണ് ഇപ്പോള്‍ വരണ്ടുകിടക്കുന്നത്. രാത്രിയിലും പുലര്‍ച്ചെയും ഉണ്ടാകുന്ന കനത്ത മഞ്ഞും തണുപ്പും പിന്നീടുണ്ടാകുന്ന കൊടുംചൂടുമാണ് വെള്ളം ഇത്രയധികം കുറയാന്‍ കാരണമെന്നു പറയുന്നു. ചരിത്രത്തിലാദ്യമായാണ് ജനുവരിയില്‍ പെരിയാര്‍ വരളുന്നത്. നിറഞ്ഞൊഴുകേണ്ട പെരിയാര്‍ ഇപ്പോള്‍ കൈത്തോടായി മാറിയിരിക്കുകയാണ്. പെരിയാറ്റിലേക്കുള്ള കൈത്തോടുകളുടെയെല്ലാം ഒഴുക്ക് നിലച്ചു. പെരിയാറ്റില്‍ വെള്ളം കുറഞ്ഞതോടെ സമീപത്തെ കുളങ്ങളും കിണറുകളുമെല്ലാം വറ്റിത്തുടങ്ങി. കടുത്ത വരള്‍ച്ചയിലേക്കാണ് ഹൈറേഞ്ച് നീങ്ങുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റിക്കഴിഞ്ഞു. അതിനാല്‍ ഈപ്രദേശങ്ങളിലെ ജനങ്ങള്‍ കുളിക്കാനും നനയ്ക്കാനും പെരിയാറിനെ ആശ്രയിക്കുകയാണ്. വരുംമാസങ്ങളില്‍ കടുത്ത് വേനലിലേക്കും കുടിവെള്ളക്ഷാമത്തിലേക്കുമാണ് ഹൈറേഞ്ച് നീങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍