ലോകബാങ്ക് പ്രസിഡന്റ് ജിം യോംഗ് കിം രാജിവച്ചു

വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്റ് ജിം യോംഗ് കിം രാജിവച്ചു. കാലാവധി തീരാന്‍ നാലുവര്‍ഷത്തോളം ബാക്കിയുള്ളപ്പോളാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. രാജിയുടെ കാരണം ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. ലോകബാങ്കിന്റെ തലപ്പത്ത് രണ്ടുതവണയായി ആറു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് യോംഗ് കിം പടിയിറങ്ങുന്നത്. യോംഗ് കിമ്മിന്റെ ഫെബ്രുവരി ഒന്നു മുതല്‍ രാജി പ്രാബല്യത്തില്‍ വരും.ഇടക്കാല പ്രസിഡന്റായി ലോകബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ്റ്റലീന ജോര്‍ജീവയെ നിയമിച്ചു. 2012 ജൂലൈ ഒന്നിനാണ് ലോകബാങ്കിന്റെ പ്രസിഡന്റായി കിം ആദ്യമായി ചുമതലയേറ്റത്. 2017 ജൂലൈയില്‍ രണ്ടാം വട്ടവും കിം തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കിമ്മിന്റെ പേര് മാത്രമേ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാതെ സ്ഥാനമൊഴിയാനായിരുന്നു കിമ്മിന്റെ തീരുമാനം. ലോകബാങ്ക് പ്രസിഡന്റാകുന്നതിന് മുമ്പ് കിം യുഎസ് വിദ്യാഭ്യാസസ്ഥാപനമായ ഡാര്‍മത്ത് കോളേജില്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍