കേരളത്തിലെ ജഡ്ജിമാര്‍ക്ക് ഇന്‍ഷൂറന്‍സും ഭവനപദ്ധതിയും തയ്യാറായി

കൊച്ചി:കേരളത്തിലെ ജഡ്ജിമാര്‍ക്ക് ഇന്‍ഷൂറന്‍സും ഭവനപദ്ധതിയും തയ്യാറായി.സാന്ത്വന എന്ന പദ്ധതി പ്രകാരം ജഡ്ജിമാര്‍ക്ക് ഇരുപത്തിയഞ്ചു ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സും പതിനഞ്ചു ലക്ഷത്തിന്റെ ചികിത്സാ സഹായവും ലഭിക്കും.ഇതിനുള്ള ഫണ്ട് ജഡ്ജിമാര്‍ തന്നെയാണ് സ്വരുക്കൂട്ടിയത്.
എറണാകുളത്തെ ചളിക്കവട്ടത്തുള്ള എണ്‍പത്തഞ്ച് സെന്റ് സ്ഥലത്ത് ജഡ്ജിമാര്‍ക്കുള്ള ഫ്‌ളാറ്റിന്റെ തറക്കല്ലിടലും നടന്നു.
സാന്ത്വന പദ്ധതിയുടെ ഉദ്ഘാടനം റിട്ട ജില്ലാ ജഡ്ജി എം.പി.ഭദ്രന് സര്‍ട്ടിഫിക്കേറ്റ് നല്‍കി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് ഉദ്ഘാടനം ചെയ്തു.കോര്‍ട്ട് യാഡ് എന്നു പേരിട്ട ഫ്‌ളാറ്റിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിച്ചു.ചടങ്ങില്‍ കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് കെ.സത്യന്‍ (ജില്ലാ ജഡ്ജി) അധ്യക്ഷത വഹിച്ചു.
ജസ്റ്റിസ്.കെ.സുരേന്ദ്രമോഹന്‍,ലോ സെക്രട്ടറിയും ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടുമായ ബി.ജി.ഹരീന്ദ്രനാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജുഡീഷ്യല്‍ ഓഫീസേഴ്‌സ് കോ ഓപ്പറേറ്റീവ് സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ പി.കെ.മോഹന്‍ദാസ് സ്വാഗതവും സൊസൈറ്റി ഡയറക്ടറും ജില്ലാ ജഡ്ജിയുമായ ബൈജു.സി.കെ.നന്ദിയും പറഞ്ഞു.ചടങ്ങില്‍ മുന്നൂറോളം അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍