ക്ലാസ് മുറികള്‍ കുട്ടികളുടെ വിശ്രമവിനോദ കേന്ദ്രങ്ങളാകണം: മന്ത്രി ജയരാജന്‍

കണ്ണൂര്‍: വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഓരോ ക്ലാസ് മുറിയും കുട്ടികളുടെ വിശ്രമവിനോദ കേന്ദ്രങ്ങളാകണമെന്ന് മന്ത്രി ഇ. പി. ജയരാജന്‍. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ചട്ടുകപ്പാറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശാസ്ത്രത്തിളക്കം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 2.15 കോടി രൂപയുടെ കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപന കര്‍മവും മന്ത്രി നിര്‍വഹിച്ചു. വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി മാറ്റങ്ങളും വളര്‍ച്ചയും ഉണ്ടായിട്ടുള്ള കാലഘട്ടമാണിത്. ഇന്നത്തെ കുട്ടികള്‍ അതീവ ബുദ്ധിശാലികളാണ്. കുട്ടികളില്‍ അറിവിന്റെ മേഖല അതിവേഗം വളര്‍ന്നുവരികയാണ്. ഇതിനനുസൃതമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടണം. ഇതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അടല്‍ ടിങ്കറിംഗ് ലാബ് പി.കെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമ മുറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലനും, ആര്‍എംഎസ്എ കെട്ടിട ശിലാസ്ഥാപനം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വസന്തകുമാരിയും നിര്‍വഹിച്ചു. വിദഗ്ധരുടെ സഹായത്തോടെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് 130 ഓളം പ്രദര്‍ശന വസ്തുക്കളാണ് ശാസ്ത്രത്തിളക്കം പരിപാടിയുടെ ഭാഗമായി സ്‌കൂളില്‍ തയാറാക്കിയത്. ഇതിന് പുറമെ പരിയാരം മെഡിക്കല്‍ കോളേജിലെയും, ശില്‍പ്പി മനോഹരന്‍ കുറ്റിയാട്ടൂരിന്റെ ശില്‍പ്പങ്ങളുടെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ഇടം നേടിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍