വിദ്യാഭ്യാസ വായ്പകളില്‍ കിട്ടാക്കടം കൂടുന്നതായി ബാങ്കുകള്‍

കൊച്ചി: കിട്ടാക്കടത്തിന്റെ കുതിപ്പില്‍ വിദ്യാഭ്യാസ വായ്പകളുടെ പങ്ക് വര്‍ദ്ധിക്കുന്നുവെന്ന് ബാങ്കുകള്‍. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ (ഐ.ബി.എ) കണക്കനുസരിച്ച് വിദ്യാഭ്യാസ വായ്പാ വിഭാഗത്തിലെ നിഷ്‌ക്രിയ ആസ്തി 2018 മാര്‍ച്ചില്‍ 8.97 ശതമാനമായി ഉയര്‍ന്നു. 2016 മാര്‍ച്ചില്‍ ഇത് 7.29 ശതമാനമായിരുന്നു. 2015 മാര്‍ച്ചില്‍ 5.70 ശതമാനവും.
നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസ വായ്പകള്‍ കിട്ടാക്കടമാക്കുന്നതില്‍ മുന്നിലുള്ളത്. വിദ്യാഭ്യാസ കിട്ടാക്കടത്തിലെ 21.28 ശതമാനവും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വായ്പകളാണ്. 9.76 ശതമാനമാണ് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ പങ്ക്. മെഡിസിന്‍ കോഴ്‌സുകള്‍ക്കുള്ള വായ്പകളില്‍ 6.06 ശതമാനവും എം.ബി.എയ്ക്കുള്ള വായ്പകളില്‍ 5.59 ശതമാനവും കിട്ടാക്കടമാണ്. 2017-18ല്‍ നഴ്‌സിംഗ് വിദ്യാഭ്യാസ വായ്പയായി ബാങ്കുകള്‍ 2,263 കോടി രൂപ വിതരണം ചെയ്തിരുന്നു. തൊട്ടുമുന്‍വര്‍ഷം ഇത് 1,154 കോടി രൂപയായിരുന്നു. രാജ്യത്തെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (കിട്ടാക്കടം) 2017-18ല്‍ 10.39 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന് റിസര്‍വ് ബാങ്ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. മൊത്തം വായ്പയുടെ 11.2 ശതമാനമാണിത്. തൊട്ടു മുന്‍വര്‍ഷം നിഷ്‌ക്രിയ ആസ്തി മൊത്തം വായ്പയുടെ 9.3 ശതമാനമായിരുന്നു. മൊത്തം കിട്ടാക്കടത്തില്‍ 8.95 ലക്ഷം കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണ്. പൊതുമേഖലാ ബാങ്കുകളിലെ മൊത്തം വായ്പയുടെ 14.6 ശതമാനം കിട്ടാക്കടമാണ്. കഴിഞ്ഞവര്‍ഷം ഇത് 11.7 ശതമാനമായിരുന്നു. സ്വകാര്യ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 4.7 ശതമാനമാണ്. 2016-17ല്‍ ഇത് 4.1 ശതമാനമായിരുന്നു. 2018 നവംബറിലെ കണക്കുപ്രകാരം രാജ്യത്തെ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പാ ഇനത്തില്‍ വിതരണം ചെയ്ത തുക 69,200 കോടി. 2017 നവംബറില്‍ ഇത് 71,700 കോടി രൂപയായിരുന്നു. 3.4 ശതമാനമാണ് ഈ വര്‍ഷത്തെ കുറവ്. 2016-17ല്‍ എന്‍ജിനിയറിംഗ് പഠിക്കാനായി 6,774 കോടി രൂപ ബാങ്കുകള്‍ വിതരണം ചെയ്തിരുന്നു. 201718ല്‍ വിതരണം 3,048 കോടി രൂപയായി താഴ്ന്നു. എം.ബി.എയ്ക്കുള്ള വായ്പകള്‍ 2,097 കോടി രൂപയില്‍ നിന്ന് 1,366 കോടി രൂപയായും കുറഞ്ഞു. അതേസമയം, മെഡിക്കല്‍ വിദ്യാഭ്യാസ വായ്പാ വിതരണം 1,360 കോടി രൂപയില്‍ നിന്ന് 3,036 കോടി രൂപയായി ഉയര്‍ന്നു. കിട്ടാക്കടം വരുത്തിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പട്ടിക സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയ്ക്ക് (സെബി) കൈമാറാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. കിട്ടാക്കടം വരുത്തിയ കമ്പനികളെല്ലാം വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍മാരുടെ (വായ്പാ തിരിച്ചടവില്‍ മനഃപൂര്‍വം വീഴ്ചവരുത്തുന്നവര്‍) ഗണത്തില്‍പ്പെടില്ല എന്നാണ് ഇതിന് റിസര്‍വ് ബാങ്ക് നല്‍കുന്ന വിശദീകരണം. ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2018 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍മാര്‍ക്കെതിരെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യപ്പെട്ട് 9,363 കേസുകളാണ് പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്. വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍മാര്‍ക്കെതിരെ സര്‍ഫാസി ആക്ട് പ്രകാരം 7,616 കേസുകളും നിലവിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍