പിടിവാശി തുടര്‍ന്നാല്‍ ശബരിമല തിരുവാഭരണം കൊണ്ടുപോകാന്‍ ആളുണ്ടാകില്ലെന്ന് കൊട്ടാരം

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിന് എതിരായ സമരത്തില്‍ സജീവപങ്കാളികളായവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന് പൊലീസ് വിലക്ക്. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല.
ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ ദേവസ്വം ബോര്‍ഡിന് കത്തു നല്‍കി. എന്നാല്‍, തിരുവാഭരണ പേടകം വഹിക്കുന്ന 22അംഗ സംഘത്തിലും അനുഗമിക്കുന്നവരുടെ കൂട്ടത്തിലും സമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചവരും കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരും ഉള്ളതിനാല്‍ പൊലീസ് നിര്‍ദേശം പ്രായോഗികമല്ലെന്ന് പന്തളം കൊട്ടാരം അറിയിച്ചു. അതേസമയം, ഗുരുതര ക്രിമിനില്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ ഉദ്ദേശിച്ചാണ് കത്തു നല്‍കിയതെന്ന് പൊലീസ് ചീഫ് ടി. നാരായണന്‍ പറഞ്ഞു.
തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ പട്ടിക ഇന്നു വൈകിട്ട് നാലിനു മുന്‍പ് പന്തളം പൊലീസ് സ്റ്റേഷനില്‍ എത്തിക്കാനാണ് നിര്‍ദ്ദേശം. 
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ് നല്‍കുന്നവര്‍ക്കു മാത്രമേ ദേവസ്വം ബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടുകയുള്ളൂ. 
സമരക്കാരുടെ ചിത്രങ്ങള്‍ പൊലീസിന്റെ നിരീക്ഷണ കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് വിവിധ കേസുകളില്‍ പ്രതികളായവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിന്ന് ഇവരെയെല്ലാം ഒഴിവാക്കുന്നത് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചേക്കും. ഇന്നും നാളെ ഉച്ചയ്ക്കു മുമ്പായുമാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക.
തിരുവാഭരണ പേടകവും പല്ലക്കും ചുമക്കുന്നവരെ പന്തളം കൊട്ടാരമാണ് നിശ്ചയിക്കുക. ഇവരുടെ പട്ടികയും പൊലീസിനു നല്‍കണം. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 
14നു വൈകിട്ട് ആറിന് സന്നിധാനത്ത് എത്തും. 75 സായുധ പൊലീസുകാര്‍ യാത്രയ്ക്ക് സുരക്ഷയൊരുക്കും. തിരുവാഭരണ പാതയിലുടനീളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍