ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ പ്രായമായവരെന്ന് പഠനം

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും അവ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളും നാം ദിനംപ്രതി കാണുന്നതാണ്. 
പ്രായമായവരാണ് ഏറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ഫേസ്ബുക്കിലെ വ്യാജവാര്‍ത്തകളെ സംബന്ധിച്ച് സയന്‍സ് അഡ്വാന്‍സസ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് നിരീക്ഷണം.
1750 അമേരിക്കക്കാരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളാണ് ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. യുവാക്കളെ അപേക്ഷിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത പ്രായമായവര്‍ക്കിടയില്‍ നാലിരട്ടിയാണ്. വ്യാജവാര്‍ത്ത ഡൊമൈനുകളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ യുവാക്കളേക്കാള്‍ 65 വയസിലേറെ പ്രായമുള്ളവരാണ് പ്രചരിപ്പിച്ചിരിക്കുന്നതെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. 
വ്യാജവാര്‍ത്താ ലിങ്കുകള്‍ പങ്കുവെക്കുന്നത് പ്രായമായവര്‍ക്കിടയില്‍ കുറവാണ്. പ്രായമായവരില്‍ 8.5 ശതമാനം പേര്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു ലിങ്ക് എങ്കിലും പങ്കുവെച്ചത്. 21 വ്യാജവാര്‍ത്താ ഡൊമൈനുകള്‍ ഗവേഷകര്‍ പട്ടികപ്പെടുത്തിയിരുന്നു. ട്രംപ് അനുകൂല വാര്‍ത്തകളാണ് ഈ വെബ്‌സൈറ്റുകളില്‍ നിന്നും കൂടുതല്‍ ആളുകളും പങ്കുവച്ചതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിജിറ്റല്‍ വിദ്യാഭ്യാസമില്ലായ്മ മൂലം പ്രായമായവര്‍ക്ക് വാര്‍ത്തകളുടെ വിശ്വാസ്യത കണ്ടെത്താനാകാതെ പോകുകയാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നു. കണ്ണുമടച്ച് ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ അവര്‍ വിശ്വാസത്തിലെടുക്കുന്നു. അതേസമയം, ഓര്‍മ്മക്കുറവും ഇതിനൊരു കാരണമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍