ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യ നിലനിറുത്തും

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി) 7.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്ക് പുറത്തിറക്കിയ 'ഗ്ലോബല്‍ എക്കണോമിക് പ്രോസ്‌പെക്ട്‌സ്' റിപ്പോര്‍ട്ട് വ്യക്തമാക്കി. ആഭ്യന്തര ഉപഭോഗം വര്‍ദ്ധിക്കുന്നതും നിക്ഷേപത്തിലെ ഉണര്‍വുമാണ് ഇന്ത്യയ്ക്ക് കരുത്താവുക. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ ഈ വര്‍ഷവും നിലനിറുത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അടുത്ത രണ്ടുവര്‍ഷക്കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ച 7.5 ശതമാനമായിരിക്കും. അതേസമയം, സാമ്പത്തിക രാഷ്ട്രീയ രംഗത്ത് ഇന്ത്യയുടെ മുഖ്യ എതിരാളിയായ ചൈനയുടെ വളര്‍ച്ച 2019ല്‍ 6.2 ശതമാനമായും 2020ല്‍ 6.5 ശതമാനമായും ഇടിയും. നടപ്പുവര്‍ഷം ചൈന പ്രതീക്ഷിക്കുന്ന വളര്‍ച്ച 6.5 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ചൈന 6.9 ശതമാനം വളര്‍ന്നിരുന്നു. 2016-17ല്‍ 8.2 ശതമാനമെന്ന വിസ്മയ വളര്‍ച്ച നേടിയ ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.7 ശതമാനത്തിലേക്ക് തകര്‍ന്നിരുന്നു. നോട്ട് അസാധുവാക്കലും ജി.എസ്.ടിയുമാണ് തിരിച്ചടിയായത്.
നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.5 ശതമാനം വളരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. 7.4 ശതമാനമാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ. ആഭ്യന്തര ഉപഭോഗം കൂടുന്നത് ജി.ഡി.പിയില്‍ മുന്നേറ്റമുണ്ടാക്കുമെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ കറന്റ് അക്കൗണ്ട് കമ്മി പരിധിവിട്ടുയരാന്‍ ഇടവരുത്തുമെന്നും ലോക ബാങ്കിന്റെ റിപ്പോര്‍ട്ടിലുണ്ട്.
2019ല്‍ ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുക കനത്ത മാന്ദ്യമായിരിക്കുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. 2018ലെ മൂന്ന് ശതമാനത്തില്‍ നിന്ന് 2.9 ശതമാനത്തിലേക്ക് വളര്‍ച്ച ഇടിയും. വ്യാപാരയുദ്ധമാണ് പ്രധാനമായും തിരിച്ചടിയാവുക. അമേരിക്കയുടെ വളര്‍ച്ച 2.9 ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായി ഇടിയും. 4.2 ശതമാനമായിരിക്കും വികസ്വര രാജ്യങ്ങളുടെ വളര്‍ച്ച. വികസിത രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത് രണ്ടു ശതമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍