പ്രളയം: ഭൂമിയടക്കം നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം കണ്ടെത്തി വീട് നിര്‍മിക്കുന്ന നടപടികള്‍ തുടങ്ങിയെന്നു സര്‍ക്കാര്‍

കൊച്ചി: പ്രളയത്തില്‍ ഭൂമി അടക്കം നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം കണ്ടെത്തി വീട് നിര്‍മിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് 13340 വീടുകള്‍ പൂര്‍ണമായും 243690 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടില്‍ പുറമ്പോക്കില്‍ കഴിയുന്ന പൊതു വിഭാഗത്തില്‍പ്പെട്ട 109 പേര്‍ക്ക് സ്ഥലം കണ്ടെത്തേണ്ടതുണ്ട്. 
2.2 ഏക്കര്‍ ഭൂമി സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭ്യമായിട്ടുണ്ട്. 124 വീടുകളുടെ നിര്‍മാണം തുടങ്ങി. പുറമ്പോക്കിലുള്ള 17 പേര്‍ക്ക് കണ്ണൂരില്‍ വീട് ആവശ്യമുണ്ട്. ഒരേക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഭൂമിപ്രശ്‌നം നിലവിലില്ലാത്ത കാസര്‍ഗോഡ് എല്ലാ വീടുകളുടെയും നിര്‍മാണം തുടങ്ങിയതായും സര്‍ക്കാര്‍ അറിയിച്ചു. 
ഇടുക്കി (1825), പാലക്കാട് (1429), ആലപ്പുഴ (1162),തൃശൂര്‍ (3411), എറണാകുളം (2314) എന്നീ ജില്ലകളിലാണ് ഏറ്റവും അധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നത്. 
പ്രളയം ഏറെ ബാധിച്ച ആലുവ, പറവൂര്‍, പെരുമ്പാവൂര്‍, കാലടി, മൂവാറ്റുപുഴ മേഖലകള്‍ അടങ്ങുന്ന എറണാകുളത്താണ് ഏറ്റവുമധികം വീടുകള്‍ ഭാഗികമായി തകര്‍ന്നത്. 86352. കുട്ടനാട് മേഖലയടങ്ങുന്ന ആലപ്പുഴയാണ് തൊട്ടുപിന്നില്‍ 60932. 
48381 പേര്‍ക്ക് 10000 രൂപയുടെ അടിയന്തിര സഹായം നല്‍കി. 60000 രൂപയുടെ സഹായം 8469 പേര്‍ക്കും ഒന്നേകാല്‍ ലക്ഷത്തിന്റേത് 155 പേര്‍ക്കും രണ്ടര ലക്ഷം രൂപ വീതം 62 പേര്‍ക്കും നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍