ഹര്‍ത്താലില്‍ നഷ്ടം സംഭവിക്കുന്നവര്‍ക്ക് നിയമ സഹായം നല്‍കും

കല്‍പ്പറ്റ: ഹര്‍ത്താല്‍ മൂലം നഷ്ടം സംഭവിക്കുന്നവര്‍ക്ക് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവരില്‍നിന്നും, സര്‍ക്കാരില്‍നിന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കുന്നതിന് നിയമസഹായം നല്‍കുമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറി പി.കെ. സുനിത. വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച ഹര്‍ത്താല്‍ വിരുദ്ധ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. ഹര്‍ത്താലുകള്‍ മൂലം വയനാടിന്റെ വ്യാപാര വാണിജ്യ മേഖലകള്‍ക്ക് ഏകദേശം 80 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. തൊഴില്‍ നഷ്ടപ്പെടുന്നതു കൊണ്ട് ഉണ്ടാവുന്ന നഷ്ടങ്ങളും സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ ആവാത്തതുമാണ്. ഹര്‍ത്താലുകള്‍ വയനാടിന്റെ സന്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങാന്‍ വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് തീരുമാനിച്ചത്. ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ഹര്‍ത്താല്‍ നടത്തി ജനജീവിതവും വ്യാപാര വാണിജ്യവും തടസപ്പെടുത്തുന്ന സംഘടനകളും സര്‍ക്കാരും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്. ഹര്‍ത്താല്‍ മൂലം നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു പരിരക്ഷയുമുണ്ടാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമനടപടികള്‍ വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് സൗജന്യമായി ചെയ്തുകൊടുക്കാന്‍ കണ്‍വന്‍ഷനില്‍ തീരുമാനിച്ചു. നഷ്ടപരിഹാരത്തിനുള്ള ക്ലെയിം ഫോമിന്റെ വിതരണോദ്ഘാടനവും യോഗത്തില്‍ നടത്തി. ക്ലെയിം ഫോമുകള്‍ വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കും. നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള സാങ്കേതിക സഹായവും ചേംബര്‍ ഓഫ് കോമേഴ്‌സ് നല്‍കും. ഇനി വരുന്ന ഹര്‍ത്താലില്‍ സ്വൈര്യജീവിതമുറപ്പു വരുത്താന്‍ സൈന്യത്തെ വിന്യസിക്കാന്‍ കളക്ടറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. ടി.എം. റഷീദ് വിഷയം അവതരിപ്പിച്ചു. ഡോ.വി.ജെ. സെബാസ്റ്റ്യന്‍, വെങ്കട സുബ്രഹ്മണ്യന്‍, രഞ്ജിനി മേനോന്‍, രഞ്ജിത്, വാഞ്ചീശ്വരന്‍, സെയ്തലവി, കെ.എ. സെബാസ്റ്റ്യന്‍, ജോസ് കപ്യാര്‍മല, പി. വേണുഗോപാല്‍, മോഹന്‍ ചന്ദ്രഗിരി എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍