ഇപ്പോഴത്തെ തണുപ്പ് കൊടുംചൂടിനുള്ള തുടക്കമാകാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍

കോട്ടയം: സമീപദിവസങ്ങളില്‍ പതിവില്ലാതെയുണ്ടായിരിക്കുന്ന കൊടും തണുപ്പ് വരാനിരിക്കുന്ന കടുത്ത വേനലിലേക്കുള്ള സൂചനയാകാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. പുലര്‍ച്ചെ 12 ഡിഗ്രി വരെ താപനില താഴുകയും രാവിലെ പത്തോടെ ചൂട് വര്‍ധിച്ച് 35 ഡിഗ്രിയില്‍ എത്തുകയും ചെയ്യുന്നു. ഒരാഴ്ചയായി പകല്‍ച്ചൂട് 33 ഡിഗ്രി മുതല്‍ 35 ഡിഗ്രിവരെയാണ്. രാത്രികാല തണുപ്പ് കൂടുന്ന തോതിനൊപ്പം പകല്‍താപനിലയും വര്‍ധിച്ചുവരുന്നു. വൈകുന്നേരം ആറിനു ശേഷം പെട്ടെന്ന് തണുപ്പിലേക്കെത്തുന്നു. പുലര്‍ച്ചെ നന്നായി മഞ്ഞുവീഴ്ചയുമുണ്ട്. റബര്‍ ഉത്പാദനത്തില്‍ വലിയ വര്‍ധനവാണ് ഇതുവഴിയുണ്ടായിരിക്കുന്നത്. എന്നാല്‍ തണുപ്പ് മാറി ചൂട് കൂടിയാലുടന്‍ പാലിന്റെ ലഭ്യത പെട്ടെന്ന് കുറയും. വാഗമണ്‍, കുട്ടിക്കാനം എന്നിവിടങ്ങളില്‍ ഈ ദിവസങ്ങളിലെ കനത്ത മഞ്ഞ് ഗതാഗതതടസവുമുണ്ടാക്കുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തിനു തുടര്‍ച്ചയായി കടുത്ത വേനലിലേക്കുള്ള നീക്കമാണിതെന്ന് കാലാവസ്ഥാ വിഭാഗം സംശയിക്കുന്നു. മേല്‍മണ്ണിന് കടുത്ത ചൂടുണ്ടായി ജലാംശം വറ്റിയാല്‍ കൃഷിയെ പ്രതികൂലമായി ബാധിക്കും. നടീല്‍ കൃഷികള്‍ക്കും തൈകള്‍ക്കും അടുത്ത മാസം വെള്ളം നല്‍കേണ്ടിവരും. ഇപ്പോഴത്തെ സൂചനയനുസരിച്ച് ഫെബ്രുവരി ആദ്യവാരം വരെ തണുപ്പ് തുടരും. ഫെബ്രുവരിയില്‍ പകല്‍താപനില 37 ഡിഗ്രിയിലേക്ക് ഉയരും. മാര്‍ച്ചില്‍ ചൂട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയേക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍