വര്‍ഗീയവാദികള്‍ ശ്രമിച്ചത് ജനങ്ങളെ കബളിപ്പിക്കാന്‍, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്: കടകംപള്ളി

പത്തനംതിട്ട: ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയവരുടെ ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നുവെന്നും സര്‍ക്കാരിന് ഭരണഘടന ദൗത്യം നിര്‍വഹിക്കേണ്ടതുണ്ടായിരുന്നെന്നും, എല്ലാ വെല്ലുവിളികളെയും സര്‍ക്കാരിന് മറികടക്കാനായെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. രാഷ്ട്രീയ മോഹത്തോട് കൂടി തല്‍പരകക്ഷികള്‍ക്കും വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്കും ശബരിമല വിഷയത്തില്‍ ജനങ്ങളെ കബളിപ്പിക്കാനായെന്നും എന്നാല്‍ ജനം അതും തിരിച്ചറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. 'പ്രധാനമായ ഭരണഘടനാ ദൗത്യം സര്‍ക്കാരിന് നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. ചില വര്‍ഗീയ വാദികള്‍, സ്ഥാപിത താല്‍പര്യക്കാര്‍ രാഷ്ട്രീയ മോഹത്തോടു കൂടി സുപ്രീംകോടതി വിധിയെ എതിര്‍ക്കാന്‍ ശ്രമിച്ചത് തീര്‍ഥാടനകാലത്ത് പ്രശ്‌നങ്ങള്‍ക്കിടയാക്കി. പക്ഷെ, അത് കേവലം രാഷ്ട്രീയ താല്‍പര്യമാണെന്ന് കേരളം മനസ്സിലാക്കി. അതുകൊണ്ട് ആ വെല്ലുവിളിയെ മറികടക്കാനായി. നമ്മുടെ രാജ്യത്ത് ഭരണഘടനയും നീതിന്യായ വ്യവസ്ഥയും രാജ്യത്തിന്റെ മുന്നോാട്ടുള്ള പോക്കിന് അത്യാവശ്യമാണെന്ന് കേരളീയര്‍ക്ക് മനസിലാവുന്നുണ്ട്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിയമവാഴ്ചയെ അട്ടിമറിക്കുന്നതും കേരളീയര്‍ കാണുന്നുണ്ട്.ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി നിലനിറുത്തേണ്ടത് തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമായി ജനങ്ങള്‍ കാണുന്നുണ്ട്. കുറച്ച് ദിവസം ജനങ്ങളെ കബളിപ്പിക്കാന്‍ വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. സ്ത്രീകളുടെ പ്രായം പരിശോധിക്കുന്നത് സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ലെന്നും വരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും തൊഴാനുള്ള അവസരം നല്‍കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍