ഹോട്ടലുകളില്‍ റെയിഡ് നടത്തിയപ്പോള്‍ കിട്ടിയത് ദിവസങ്ങള്‍ പഴക്കമുള്ള ആഹാര വസ്തുക്കള്‍

കുളത്തൂര്‍: കഴിഞ്ഞ ദിവസം ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം ജീവനക്കാര്‍ക്ക് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിവിധ കമ്പനികളില്‍ നിന്നുള്ള അമ്പതോളം ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ കഴക്കൂട്ടത്തെയും ടെക്‌നോപാര്‍ക്ക് പരിസരങ്ങളിലെയും ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. സമീപത്തെ ബേക്കറികളിലും വനിതാ ഹോസ്റ്റലുകളിലും പരിശോധന നടത്തി. ഹോട്ടലുകളില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള ആഹാരവസ്തുക്കളും പഴകിയ എണ്ണയും കണ്ടെത്തി. കാലാവധി കഴിഞ്ഞ ബേക്കറിസാധനങ്ങള്‍, ഉപയോഗശൂന്യമായ മാവ്, പച്ചക്കറി, മാംസം എന്നിവയും പിടിച്ചെടുത്തു. ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ലാബില്‍ പരിശോധിച്ച് പരിശോധനാഫലം നിശ്ചിത സമയപരിധിക്കുള്ളില്‍ നല്‍കാനും നിര്‍ദ്ദേശം നല്‍കി. കോര്‍പറേഷന്‍ മെയിന്‍ ഓഫീസിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ അജിത്കുമാര്‍, ടി. അലക്‌സാണ്ടര്‍, എസ്.പ്രകാശ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്ഡപെക്ടര്‍മാരായ വി.അനില്‍, സൈജു .എസ്.ഐ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ടെക്‌നോപാര്‍ക്കിനുള്ളിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടലുകളില്‍ നിന്ന് ആഹാരം കഴിച്ച ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. എന്നാല്‍ പൈപ്പ് വെള്ളത്തില്‍ നിന്നാണ് ഭക്ഷ്യവിഷ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യ വിഷബാധയുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി മേയര്‍ വി.കെ. പ്രശാന്തിന് പരാതി നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍