ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മേഴ്‌സിക്കുട്ടിയമ്മ

കോഴിക്കോട്: ആലപ്പാട് കരിമണല്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. 'വ്യവസായ വകുപ്പാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കു'മെന്നും മന്ത്രി പറഞ്ഞു. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാസമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടിരുന്നു. ഖനനത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ റയര്‍ എര്‍ത്തും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും വീഴ്ചകള്‍ വരുത്തിയെന്ന് സഭാസമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മേല്‍നോട്ടസമിതി വേണമെന്ന പരിസ്ഥിതി സമിതി ശുപാര്‍ശ ചെയ്തതും നടപ്പായില്ല. പൊന്‍മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍