കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി: അലോക് വര്‍മ വീണ്ടും സിബിഐ തലപ്പത്ത്

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി

ന്യൂഡല്‍ഹി: സിബിഐ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്തു നിന്ന് നീക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റീസ് എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. അതേസമയം, അലോക് വര്‍മയ്ക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം, ഡയറക്ടറെ മാറ്റുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്ന് മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ സെലക്ഷന്‍ കമ്മിറ്റി ചേരണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018 ഒക്ടോബര്‍ 23ന് രാത്രിയാണ് അലോക് വര്‍മയേയും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയേയും സ്ഥാനങ്ങളില്‍നിന്നു മാറ്റിയത്. ഇരുവര്‍ക്കും നിര്‍ബന്ധിത അവധി നല്‍കിയശേഷം ജോയിന്റ് ഡയറക്ടര്‍ എം. നാഗേശ്വര്‍ റാവുവിനെ താല്‍ക്കാലിക ഡയറക്ടറാക്കി. റാവു ചുമതലയേറ്റ ഉടന്‍ അലോക് വര്‍മയുമായി അടുപ്പമുള്ള 12 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. പേഴ്‌സണല്‍ മന്ത്രാലയത്തിന്റെയും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെയും നടപടി നിയമവിരുദ്ധമാണെന്ന് അലോക് വര്‍മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് സബിഐ ഡയറക്ടറെ നിയമിക്കുന്നത്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമതിയുടെ യോഗം ചേര്‍ന്നു മാത്രമേ സിബിഐ ഡയറക്ടറെ നീക്കാന്‍ കഴിയു. അതിനാല്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പ് സ്ഥാനത്തുനിന്നു നീക്കിയതായി ചൂണ്ടിക്കാട്ടിയാണ് അലോക് വര്‍മ കോടതിയെ സമീപിച്ചത്. അതേസമയം, റഫാല്‍ രേഖകള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയതെന്ന് ദി വയര്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദസോ ഏവിയേഷനില്‍നിന്നു 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ സംബന്ധിച്ച് പ്രാഥമിക അന്വേഷണത്തിനു സിബിഐ നടപടികള്‍ ആരംഭിച്ചിരുന്നതായാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നും തേടുകയും ചെയ്തിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ അടുത്ത അനുയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും സംബന്ധിക്കുന്ന വിവരങ്ങളാണ് അലോക് വര്‍മ തേടിയത്. ഇതിനു പിന്നാലെയായിരുന്നു സിബിഐ തലപ്പത്തെ അഴിച്ചുപണി. പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയുമാണ് റഫാല്‍ കരാര്‍ സംബന്ധിച്ച് സിബിഐക്കു പരാതി നല്‍കിയത്. ഈ പരാതിയിലാണ് സിബിഐ പ്രാഥമിക അന്വേഷണത്തിനു തുനിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍