ആകാശവാണിയുടെ ദേശീയ ചാനലും മേഖലാ പരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടുന്നു

തിരുവനന്തപുരം: ആകാശവാണിയുടെ ദേശീയ ചാനലും തിരുവനന്തപുരത്തേത് അടക്കമുള്ള മേഖലാ പരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ ഉത്തരവ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആകാശവാണി ജീവനക്കാര്‍ക്കു പരിശീലനം നല്‍കാനായി സ്ഥാപിച്ച തിരുവനന്തപുരം ജഗതിയിലെ മേഖലാ പരിശീലന കേന്ദ്രമായ റീജണല്‍ അക്കാദമിക് ഓഫ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് മള്‍ട്ടി മീഡിയ (ആര്‍എബിഎം) അടച്ചുപൂട്ടാനാണു പ്രസാര്‍ഭാരതി നിര്‍ദേശം. ചെലവുചുരുക്കലിന്റെ ഭാഗമായാണു നടപടി. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം അധികൃതര്‍ക്കു ലഭിച്ചു. ആകാശവാണിയിലേയും ദൂരദര്‍ശനിലേയും കേരളം, തമിഴ്‌നാട്, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്കു വിദഗ്ധ സാങ്കേതിക പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ആര്‍എബിഎം. തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിനൊപ്പം അഹമ്മദാബാദ്, ഹൈദരാബാദ്, ലക്‌നോ, ഷിംല്ലോഗ് എന്നിവയാണു പൂട്ടുന്നത്. ഇതുകൊണ്ട്, കേരളത്തിലേതുള്‍പ്പെടെ പ്രാദേശിക ആകാശവാണി നിലയങ്ങളില്‍ നിന്നുള്ള പരിപാടികള്‍ മുടങ്ങുകയോ മറ്റു തരത്തിലുള്ള തടസമുണ്ടാകുകയോ ചെയ്യില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ ദേശീയത ലക്ഷ്യമാക്കി ആരംഭിച്ച നാഷണല്‍ ചാനലില്‍ ദിവസം 18 മണിക്കൂര്‍ വീതം പ്രക്ഷേപണമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍