ബാലാവകാശ സംരക്ഷണത്തില്‍ കേരളം മാതൃക

മൂവാറ്റുപുഴ: ബാലാവകാശ സംരക്ഷണത്തില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് എല്‍ദോ ഏബ്രഹാം എംഎല്‍എ. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലസൗഹൃദ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ 40 ശില്‍പശാലകളാണ് നടത്തുന്നത്. ജില്ലയിലെ രണ്ടാമത്തെ ശില്‍പശാലയാണിത്. കമ്മീഷനംഗം എം.പി. ആന്റണി അധ്യക്ഷത വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം എന്‍. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസി ജോളി, സുമിത് സുരേന്ദ്രന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട്, സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ ആറു ബ്ലോക്കുകള്‍ക്ക് കീഴിലുള്ള 42 പഞ്ചായത്തുകളില്‍ നിന്നുള്ള ബാലസംരക്ഷണ സമിതി അംഗങ്ങളാണ് പങ്കെടുത്തത്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.ബി. സൈന, ജില്ലാ പ്ലാനിംഗ് റിസര്‍ച്ച് ഓഫീസര്‍ കെ. വിദ്യ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍