ശബരിമലയിലേക്കില്ല, പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങള്‍: നിലപാട് വ്യക്തമാക്കി തൃപ്തി ദേശായി

മുംബൈ :ശബരിമലയിലേയ്ക്ക് താന്‍ വീണ്ടും വരുന്നു എന്നുള്ള പ്രചാരണങ്ങള്‍ തെറ്റെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വ്യക്തമാക്കി. 'ഈ സീസണില്‍ മലചവിട്ടാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുപ്രചാരണങ്ങള്‍ ഗൂഢ ഉദ്ദേശ്യത്തോടെയെന്നും' തൃപ്തി ദേശായി പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് യുവതീ പ്രവേശം സാദ്ധ്യമായിക്കഴിഞ്ഞു. ലക്ഷ്യം ആ സ്ത്രീകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നും തൃപ്തി ദേശായി പറഞ്ഞു. ഈ സീസണില്‍ തന്നെ തൃപ്തി സന്നിധാനത്ത് എത്തുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ചാണ് ഇവര്‍ രംഗത്തെത്തിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു അമ്മിണിയും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും സന്നിധാനത്ത് എത്തിയിരുന്നു. പൊലീസ് സംരക്ഷണത്തിലാണ് ദള്‍ശനം നടത്തിയതെന്ന് ഇരുവരും പറഞ്ഞിരുന്നു. പമ്പയിലെത്തി പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. പമ്പയില്‍നിന്ന് സന്നിധാനം വരെയുള്ള യാത്രയില്‍ ഏതാനും ഭക്തര്‍ തിരിച്ചറിഞ്ഞെങ്കിലും പ്രതിഷേധമുണ്ടായില്ലെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം, പൊലീസ് പ്രത്യേക സുരക്ഷ അനുവദിച്ചില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി നേരത്തെ അറിയിച്ചിരുന്നു. ഏഴ് സ്ത്രീകളും ദര്‍ശനം നടത്തുന്നത് കൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു. എന്നാല്‍, തൃപ്തി വരുന്ന വിവരം നേരത്തെ അറിഞ്ഞ പ്രതിഷേധക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ തുടരേണ്ടതായി വന്നു. പ്രതിഷേധം കനത്തതോടെ യാത്ര ഉപേക്ഷിച്ച് തൃപ്തി മടങ്ങി. എന്നാല്‍, ഉടനെ തിരിച്ച് വരുമെന്ന് പ്രഖ്യാപിച്ചായിരുന്നു തൃപ്തി അന്ന് മടങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍