തീരദേശ റോഡ് വികസനത്തിന് ആറു കോടി നല്കും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

വാടാനപ്പള്ളി: തീരദേശ റോഡ് വികസനത്തിനു വേണ്ടിവരുന്ന ആറു കോടി രണ്ടുഘട്ടമായി നല്‍കുമെന്നും ഒന്നാംഘട്ടമായി മൂന്നു കോടി ഇപ്പോള്‍ നല്‍കുമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മത്സ്യ വകുപ്പിന്റെ കീഴിലുള്ള 10 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്നും മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു. വാടാനപ്പള്ളി ബീച്ച് ഫിഷര്‍മെന്‍ കോളനിയില്‍ 46.63 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച ലൈബ്രറി കം കമ്യൂണിറ്റി ഹാളിന്റെയും അങ്കണവാടി കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷത വഹിച്ചു. സി.എന്‍. ജയദേവന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവന്‍, പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി, കെ.സുഹൈര്‍, മഞ്ജുള അരുണന്‍, ഷക്കീല ഉസ്മാന്‍ ഉള്‍പ്പടെയുള്ള ത്രിതലപഞ്ചായത്തംഗങ്ങള്‍, ഫിഷറീസ് ദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സഹായത്തോടെ സംസ്ഥാനത്തെ11 മത്സ്യത്തൊഴിലാളി കോളനികള്‍ പുനരുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവ പണിതത്. മുന്‍ മന്ത്രി കെ. ബാബു തറക്കല്ലിട്ട കെട്ടിടത്തിന്റെ പണി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയായിരുന്നു. പണി കഴിഞ്ഞുവെങ്കിലും ഫര്‍ണിച്ചറുകളും പുസ്തകങ്ങളുമില്ലായിരുന്നു. 203 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പണിത ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ റീഡിംഗ് റൂം, ലൈബ്രറി, ടോയലറ്റ് എന്നിവയും മുകളിലത്തെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളും ലൈബ്രറിക്കാവശ്യമായ ഫര്‍ണീച്ചറുകള്‍ എന്നിവയുമുണ്ട്. മത്സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യ വികസനവും മാനവശേഷി വികസനവും പദ്ധതി പ്രകാരം 30 ലക്ഷം രൂപ ചെലവഴിച്ചാണ് അഞ്ചാം വാര്‍ഡില്‍ അങ്കണവാടി പണിതത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍