വിദ്യാര്‍ഥികളെ നേര്‍വഴിക്കു നടത്താന്‍ യുക്തിസഹമായ ശിക്ഷയാകാം: കോടതി

കൊച്ചി: വിദ്യാര്‍ഥികളെ നേര്‍വഴിക്കു നടത്താന്‍ അധ്യാപകര്‍ക്ക് യുക്തിസഹമായ ശിക്ഷ നടപ്പാക്കാമെന്ന് ഹൈക്കോടതി. കോഴിക്കോട് നല്ലൂര്‍ നാരായണ എല്‍പി സ്‌കൂള്‍ അധ്യാപകനെതിരെ രണ്ടാം ക്ലാസുകാരിയുടെ പിതാവ് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ഥിയെ ശരിയായ വഴിയില്‍ നയിക്കാനും അധ്യാപകര്‍ക്ക് അധികാരമുണ്ട്. കുട്ടിയെ സ്‌കൂളില്‍ ഏല്‍പ്പിക്കുമ്പോള്‍ തന്നെ ഇതിനുള്ള സമ്മതവും രക്ഷിതാക്കള്‍ നല്‍കുന്നുണ്ട്. എന്നിരുന്നാലും ശാസനത്തിന്റെ സ്വഭാവവും കാഠിന്യവും പരിഗണിച്ച് അധ്യാപകനെതിരെ നിയമപരമായി നടപടിയെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. അധ്യാപകന്‍ കോപിഷ്ഠനായോ ക്ഷോഭിച്ചോ ക്രോധത്തോടെയോ കുട്ടിയെ വേദനിപ്പിക്കുകയാണെങ്കില്‍ അത് ഈ അധികാരത്തിന്റെ കീഴില്‍ വരില്ലെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. കണക്ക് തെറ്റിയതിന് സ്‌കൂളിലെ ഗണിതാധ്യാപകന്‍ മകളെ തോളില്‍ പിച്ചിയെന്നാരോപിച്ചാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. പരാതി പരിഗണിച്ച പോലീസ് ബാലനീതി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അധ്യാപകന്‍ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍