ഭിന്നശേഷിക്കാരുടെ വെല്ലുവിളികള്‍ പരിഹരിക്കേണ്ടത് ആധുനിക കാലഘട്ടത്തിന്റെ കടമ: മന്ത്രി എ.സി.മൊയ്തീന്‍

അഗളി: ഭിന്നശേഷിക്കാരെ സമൂഹത്തോടൊപ്പം നടത്തുകയെന്ന വെല്ലുവിളി ആധുനിക കാലഘട്ടം ഏറ്റെടുത്ത് ഇത്തരക്കാരെ സമൂഹത്തിന്റെ ഭാഗമേക്കണ്ടത് ഏവരുടെയും കടമയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. അട്ടപ്പാടിയിലെ അഗളി ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആദ്യ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാടി മേഖലയില്‍ അറുപതോളം ഭിന്നശേഷിക്കാരാണുള്ളത്. മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിത ഇനത്തില്‍ 56 ശതമാനം ചെലവഴിച്ചതായും പഞ്ചായത്തില്‍ ഗുണമേന്മയുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ വീടില്ലാത്ത 1,74,000 പേരാണുള്ളത്. ഇതില്‍ 84,000 പേര്‍ക്ക് നാല് ലക്ഷം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയും ബാക്കിയുള്ള തുക നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. അട്ടപ്പാടിയില്‍ വികസനം നടത്താനെന്ന പേരില്‍ വ്യാജ സംഘടനകളുടെ ശ്രമം തടയേണ്ടത് ജനപ്രതിനിധികളാണെന്നും വികസനം അംഗീകൃത സര്‍ക്കാര്‍ പ്രതിനിധികളിലൂടേയാണ് നടപ്പാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. അഗളി പഞ്ചായത്തിലെ ഇ.എം.എസ് ടൗണ്‍ ഹാള്‍, ഗൂളിക്കടവ് പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സെന്‍സറിങ് റൂം അനുവദിക്കുമെന്ന് എം.ബി.രാജേഷ് എം.പി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് സി.പി. ബാബു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്തിന രാമമൂര്‍ത്തി, അട്ടപ്പാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ശിവശങ്കരന്‍, ജില്ലാ പഞ്ചായത്ത് അംഗം സി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍