യു.പിയില്‍ 80 സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ കൈവിട്ട് സമാജ്‌വാദി ബി.എസ്.പി മഹാസഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെ, 80 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് ലഖ്‌നൗവില്‍ പത്രസമ്മേളനം വിളിച്ചാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം ബി.ജെ.പി വിരുദ്ധ മതേതര കക്ഷികളെ ഒപ്പം കൂട്ടാന്‍ തയ്യാറാണെന്നും യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ അദ്ദേഹം പറഞ്ഞു. 2009ലേതിനെക്കാള്‍ മികച്ച വിജയം സംസ്ഥാനത്ത് കോണ്‍ഗ്രസ് നേടും. ഉത്തര്‍പ്രദേശില്‍ മഹാമുന്നണിക്കു കീഴില്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്. എന്നാല്‍ ചിലര്‍ വേറെ വഴിക്കു പോയെന്നും എസ്.പി ബി.എസ്.പി സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിക്കുമെന്ന് ആര്‍.എല്‍.ഡി നേതാവ് അജിത് സിംഗ് പറഞ്ഞിനെക്കുറിച്ചുള്ള ചോദ്യത്തിന് ആസാദ് മൗനം പാലിച്ചു. സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് 25 സീറ്റില്‍ ഒതുങ്ങേണ്ടി വന്നേനേ. ഇപ്പോള്‍ മുഴുവന്‍ സീറ്റിലും പാര്‍ട്ടി മത്സരിക്കുന്നു. പ്രവര്‍ത്തകര്‍ അതിന്റെ സന്തോഷത്തിലാണ്. ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിനു കീഴില്‍ ഒന്നിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 2009 ല്‍ 21 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസിന് 2014ല്‍ സോണിയാ ഗാന്ധിയേയും (റായ്ബറേലി), രാഹുല്‍ ഗാന്ധിയേയും (അമേഠി) മാത്രമാണ് ജയിപ്പിക്കാനായിരുന്നത്. യു.പിയില്‍ മായാവതി അഖിലേഷ് യാദവ് സഖ്യത്തിനിടെ അവഗണിക്കപ്പെട്ട പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി (പി.എസ്.പി) നേതാവ് ശിവ്പാല്‍ യാദവ് കോണ്‍ഗ്രസുമായി കൂട്ടുകൂടാനുള്ള ശ്രമത്തിലാണ്. അഖിലേഷുമായുള്ള ഭിന്നതകളെ തുടര്‍ന്ന് എസ്.പിയില്‍ നിന്ന് പുറത്തായ ശിവ്പാല്‍ യാദവ് കഴിഞ്ഞ സെപ്തംബറിലാണ് പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി രൂപീകരിച്ചത്. സഹോദരനും അഖിലേഷിന്റെ പിതാവുമായ മുലായംസിംഗ് യാദവുമായി അടുപ്പമുള്ള ശിവ്പാല്‍ എസ്.പി ബി.എസ്.പി സഖ്യത്തില്‍ കയറിക്കൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.ശിവ്പാല്‍ ബി.ജെ.പിയുടെ ആളാണെന്നാണ് മായാവതിയുടെ ആക്ഷേപം. തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസ് കൂടാരത്തിലേക്ക് കണ്ണെറിഞ്ഞു തുടങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍