ഹര്‍ത്താല്‍: ജില്ലയില്‍ 67 കേസുകള്‍

കോഴിക്കോട്: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 67 കേസുകള്‍ . കോഴിക്കോട് നഗരത്തിലും റൂറല്‍ പോലീസ് പരിധിയിലുമായാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നഗരത്തില്‍ 39 കേസും റൂറലില്‍ 28 കേസുമാണ് രജിസ്റ്റര്‍ ചെയ്തത് . ഇതില്‍ 85 പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റിയില്‍ മാത്രം 34 പേരെ അറസ്റ്റ് ചെയ്തു. റൂറല്‍ പോലീസ് പരിധിയില്‍ 51 പേരെയും അറസ്റ്റ് ചെയ്തു. 29 പേര്‍ റിമാന്‍ഡിലാണ്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ , പൊതുമുതല്‍ നശിപ്പിക്കല്‍ , അന്യായമായി സംഘം ചേരല്‍ തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 38 പേരെ ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം അക്രമം ഇനിയുമുണ്ടാവുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് പോലീസ്. കേസെടുത്തവരെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേകസംഘമായി തിരിഞ്ഞുകൊണ്ടുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പോലീസിന്റെ കാമറയിലും കടകള്‍ക്കും മറ്റു വ്യാപാരസ്ഥാപനങ്ങള്‍ക്കും മുന്നിലെ കാമറയിലും പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. 'ബ്രോക്കണ്‍ വിന്‍ഡോ' ഓപ്പറേഷന്റെ ഭാഗമായാണ് പോലീസ് ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ കണ്ടെത്താനായി സജീവമായി രംഗത്തിറങ്ങിയത്. ഓരോ പോലീസ് സ്‌റ്റേഷനിലും നാലു പോലീസുകാരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന തുടരുന്നത്. വരും ദിവസങ്ങളില്‍ പ്രതികളെ മുഴുവന്‍ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍