കണ്ണൂര്‍ നഗരത്തില്‍ 600 കോടിയുടെ റോഡ് വികസനം നടപ്പാക്കും: മന്ത്രി ജി. സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ മുഴുവന്‍ പിഡബ്ല്യുഡി റോഡുകളും അത്യാധുനിക രീതിയില്‍ നവീകരിക്കുന്നതിനു 600 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയായ മതുക്കോത്ത് കാപ്പാട് റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ മണ്ഡലം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണു ഗതാഗതക്കുരുക്ക്. നല്‍കാന്‍ ഫണ്ട് ഇല്ലാഞ്ഞിട്ടല്ല. റോഡ് നിര്‍മിക്കാനുള്ള സ്ഥലം ലഭിക്കാത്തതാണു പ്രശ്‌നം. 100 കിലോമീറ്ററില്‍ താഴെ മാത്രം റോഡുള്ള ചുരുക്കം മണ്ഡലങ്ങളില്‍ ഒന്നാണു കണ്ണൂര്‍. റോഡുകള്‍ മുഴുവന്‍ അഞ്ച് മുതല്‍ അഞ്ചര മീറ്റര്‍ വരെയാണു വീതി. കണ്ണൂരിന്റെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ റോഡ് വികസനത്തിനാവശ്യമായ സ്ഥലം നല്‍കാന്‍ ജനങ്ങള്‍ സന്നദ്ധരാവണം. പ്രതിഫലമായി മികച്ച വില സ്ഥലത്തിനും കെട്ടിടങ്ങള്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ നിലവിലുള്ള റോഡുകള്‍ 12 മീറ്ററാക്കി ഉയര്‍ത്തും. വിദഗ്ധ സാങ്കേതിക വിദ്യ ഉപയോഗിച്ചാണു റോഡ് നിര്‍മിക്കുക. നല്ല നടപ്പാതകള്‍, ഓടകള്‍, കേബിളുകള്‍ റോഡ് മുറിക്കാതെ സ്ഥാപിക്കുന്നതിനു ഡക്കുകള്‍, റോഡ് സംരക്ഷിക്കുന്നതിനു ഫെന്‍സിംഗ് സംവിധാനം, പൂന്തോട്ടം എന്നിവയും റോഡുകളുടെ ഭാഗമായി നിര്‍മിക്കും. കണ്ണൂര്‍ ജില്ലയില്‍ 7000 കോടിയുടെയും കേരളത്തിലാകെ ഒരു ലക്ഷം കോടിയിലധികം രൂപയുടെ റോഡ് പാലം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം വന്നതോടു കൂടി വികസന സാധ്യതകള്‍ കൂടിവരികയാണ്. നിലവില്‍ മൂന്നു റോഡുകള്‍ വിമാനത്താവളത്തിലേക്കായി നവീകരിച്ചിട്ടുണ്ട്. ഇനിയും ആറു റോഡുകള്‍ കൂടി വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടുഘട്ടങ്ങളിലായി 17,765,450 രൂപയാണു മതുക്കോത്ത് കാപ്പാട് റോഡ് നവീകരണത്തിനായി ചെലവഴിച്ചത്.ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. പൊതുമരാമത്ത് റോഡുകളുംപാലങ്ങളും വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ. ജിഷാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ഇ.പി. ലത, എംപിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എം.പി. ഭാസ്‌കരന്‍, കെ. കമലാക്ഷി, പൊതുമരാമത്ത് വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ഇ.ജി. വിശ്വപ്രകാശ്, നെല്യാട്ട് രാഘവന്‍, കെ. പ്രകാശന്‍, കെ. ബാലകൃഷ്ണന്‍, കെ.പി. പ്രശാന്തന്‍, കെ.പി. അബ്ദുള്‍ റസാഖ് എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍