ഉരുള്‍പൊട്ടല്‍: വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങുന്നതിന് 5.80 കോടി രൂപ

ഇരിട്ടി: ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ പുതിയ സ്ഥലം കണ്ടെത്തുന്നതിന് റവന്യൂ വകുപ്പ് ജില്ലയ്ക്ക് 5.80 കോടി രൂപ അനുവദിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജില്ലയില്‍ 16 കുടുംബങ്ങളുടെ വീടും സ്ഥലവുമാണ് പൂര്‍ണമായും നഷ്ടപ്പെട്ടത്. തകര്‍ന്ന ഭൂമിയില്‍ വീണ്ടും വീടു നിര്‍മിക്കുന്നത് അപകടമാണെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് വീടിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ നിര്‍ദേശിച്ചത്. ഒരു കുടുംബത്തിന് പരമാവധി അഞ്ചു സെന്റ് എന്നനിലയില്‍ ആറു ലക്ഷം രൂപയാണ് സ്ഥലം വാങ്ങാനായി അനുവദിക്കുന്നത്. ആറളം ഫാമില്‍ വീടും സ്ഥലവും പോയ ഒരു ആദിവാസി കുടുംബത്തിന് പുനരധിവാസ മേഖലയില്‍ത്തന്നെ കഴിഞ്ഞദിവസം ഒരേക്കര്‍ ഭൂമിയുടെ പട്ടയം അനുവദിച്ചിരുന്നു. അവശേഷിക്കുന്ന 15 കുടുംബങ്ങള്‍ക്കാണ് സ്ഥലം കണ്ടെത്തേണ്ടത്. ഇതില്‍ 12 കുടുംബങ്ങളും വീടിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി എഗ്രിമെന്റ് വച്ചു. ഇവര്‍ക്കുള്ള പണം ഉടന്‍ അനുവദിക്കുമെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍ പറഞ്ഞു. ഇരിട്ടി താലൂക്കിലാണ് വീടും സ്ഥലവും പോയ കുടുംബങ്ങളെല്ലാമുള്ളത്. സ്ഥലം ലഭ്യമായി കഴിഞ്ഞാല്‍ വീടിനുള്ള നാലുലക്ഷവും അനുവദിക്കും. മാക്കൂട്ടം വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ബാരാപോള്‍ പുഴയുടെ പുറമ്പോക്കില്‍ താമസിക്കുന്ന പായം പഞ്ചായത്തിലെ 15 കുടുംബങ്ങളുടെ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. ഇവര്‍ക്ക് വീടിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികളും പൂര്‍ത്തിയായി വരികയാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു. നേരത്തെ റവന്യൂവിഭാഗം പഴശി പദ്ധതിയുടെ അധീനതയിലുള്ള ചാവശേരി പറമ്പിലെ സ്ഥലം കണ്ടെത്തിയെങ്കിലും മാറിത്താമസിക്കാന്‍ തയാറല്ലെന്ന് ഇവര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പായം പഞ്ചായത്തിലെ വള്ളിത്തോട് ഒരേക്കര്‍ സ്ഥലം കണ്ടെത്തി നല്‍കാനുള്ള നടപടികളാണ് പൂര്‍ത്തിയായിവരുന്നത്. ഹൗസിംഗ് കോളനിയെന്നനിലയിലാണ് ഒരേക്കര്‍ ഭൂമിയില്‍ വീട് നിര്‍മിക്കുന്നത്. സ്ഥലത്തിന്റെ വിലനിര്‍ണയം പൂര്‍ത്തിയായാല്‍ ഇതിനുള്ള പണവും വൈകാതെ അനുവദിക്കും. സന്നദ്ധസംഘടനകളും സഹകരണസംഘങ്ങളും നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ നിര്‍മാണവും ആദ്യഘട്ടം പിന്നിട്ടു. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും വീട് പൂര്‍ണമായും തകര്‍ന്ന ജില്ലയിലെ 100 ഓളം പേരില്‍ 90 ശതമാനത്തിനും വീട് നിര്‍മാണത്തിന്റെ ആദ്യഗഡുവായ ഒരു ലക്ഷം രൂപ അനുവദിച്ചതായും അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍