കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമാസം 42667 യാത്രക്കാര്‍

മട്ടന്നൂര്‍: പ്രവര്‍ത്തനം തുടങ്ങി ആദ്യ മാസം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത് 42667 പേര്‍. ഇതില്‍ 10193 അന്താരാഷ്ട്ര യാത്രികര്‍ കണ്ണൂരില്‍ നിന്നും പുറപ്പെടുകയും 10942 യാത്രികര്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. ആഭ്യന്തര യാത്രികരാകട്ടെ പുറപ്പെട്ടത് 10545 പേരും എത്തിച്ചേര്‍ന്നതു 10987പേരുമാണ്. ഡിസംബര്‍ ഒമ്പത് മുതല്‍ ജനുവരി എട്ടു വരെയുള്ള കാലയളവില്‍ 61 അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുകയും 62 അന്താരാഷ്ട്ര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്നും പുറപ്പെടുകയും ചെയ്തു. ആഭ്യന്തര സര്‍വീസുകള്‍ നടത്തിയത് യഥാക്രമം 81ഉം 82 ഉം ആണ്. യാത്രക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഊഷ്മളമായ പ്രതികരമാണ് വിമാനത്താവളത്തിന് ലഭിക്കുന്നതെന്ന് കിയാല്‍ അധികൃതര്‍ പറഞ്ഞു. വിമാനത്താവളം കാണാനും ദിവസേന നിരവധി പേരെത്തുന്നുണ്ട്. ദിവസേന 10 സര്‍വീസുകളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇപ്പോഴുള്ളത് . ഈ മാസം അവസാനത്തോടെ ഇത് ഇരട്ടിയായി മാറും. വരും മാസങ്ങളില്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും കൂടാതെ സിംഗപ്പൂര്‍, മലേഷ്യ, ബാങ്കോക്, കൊളംബോ, മാലിദ്വീപ് എന്നീ സര്‍വീസുകളും തുടങ്ങാന്‍ സാധിക്കുമെന്ന് കിയാല്‍ എംഡി വി. തുളസിദാസ് അറിയിച്ചു. ഇതുവരെ പ്രതീക്ഷനിര്‍ഭരമായ സഹകരണമാണ് യാത്രക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും മറ്റെല്ലാ അഭ്യുദയാകാംക്ഷികളില്‍ നിന്നും ലഭിച്ചതെന്നും തുടര്‍ന്നും നിര്‍ലോഭമായ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനു പ്രവര്‍ത്തനം ആരംഭിച്ച വിമാനത്താവള പോലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ഡിസംബര്‍ 31 നു മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍