ബാഴ്‌സ ജേഴ്‌സിയില്‍ മെസിക്ക് 400 ഗോള്‍

നൂകാമ്പ്: സൂപ്പര്‍ താരം ലയണല്‍ മെസി 400 ലാ ലിഗ ഗോള്‍ തികച്ച മത്സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്കു തകര്‍പ്പന്‍ ജയം. സ്പാനിഷ് ലീഗില്‍ ഐബറിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ബാഴ്‌സ കെട്ടുകെട്ടിച്ചു. 53ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ ഗോള്‍. ശേഷിച്ച രണ്ടു ഗോളുകള്‍ ലൂയിസ് സുവാരസ് സ്വന്തം പേരിലാക്കി. ഇതോടെ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായി അഞ്ചു പോയിന്റിന്റെ ലീഡ് നിലനിര്‍ത്താന്‍ ബാഴ്‌സയ്ക്കു കഴിഞ്ഞു. 19 മത്സരങ്ങള്‍ വീതം കളിച്ച ബാഴ്‌സയ്ക്ക് 43, അത്‌ലറ്റിക്കോയ്ക്ക് 38 എന്നിങ്ങനെയാണു പോയിന്റ് നില. ലാ ലിഗയിലെ 435ാം മത്സരത്തിലാണ് മെസി 400 ഗോള്‍നേട്ടം സ്വന്തമാക്കുന്നത്. യൂറോപ്പിലെ മുന്നില്‍നില്‍ക്കുന്ന ലീഗുകളില്‍ ഒരു ക്ലബ്ബിനായി മാത്രം കളിച്ച് 400 ഗോള്‍ നേടുന്ന ആദ്യ താരവും മെസിയാണ്. 311 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, 251 ഗോളുകള്‍ നേടിയ തെല്‍മോ സാറ എന്നിവരാണ് ലാലിഗ ഗോള്‍നേട്ടത്തില്‍ മെസിക്കു പിന്നില്‍നില്‍ക്കുന്നത്. 507 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 409 ഗോളുകള്‍ നേടിയിട്ടുണ്ടെങ്കിലും അദ്ദേഹം ഇക്കാലയളവില്‍ മൂന്നു ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടി. റൊണാള്‍ഡോയേക്കാള്‍ 63 മത്സരങ്ങള്‍ കുറവ് കളിച്ചാണ് മെസി 400 ഗോള്‍ നേട്ടത്തിലേക്ക് എത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍