സര്‍ക്കാരിന് ഇടക്കാല ലാഭവിഹിതമായി റിസര്‍വ് ബാങ്ക് 40000 കോടി നല്‍കിയേക്കും

മുംബൈ: കേന്ദ്ര സര്‍ക്കാരിന് ഇടക്കാല ലാഭവിഹിതമായി റിസര്‍വ് ബാങ്ക് 30,000 കോടി മുതല്‍ 40,000 കോടി രൂപ വരെ നല്‍കിയേക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജയ്റ്റ് ്‌ലി ബഡ്ജറ്റ് അവതരിപ്പിക്കുമെന്നിരിക്കേ, ലാഭവിഹിതം നല്‍കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. എന്നാല്‍, ഇതേക്കുറിച്ച് റിസര്‍വ് ബാങ്കോ കേന്ദ്രസര്‍ക്കാരോ പ്രതികരിച്ചിട്ടില്ല. ധനക്കമ്മി നടപ്പു സാമ്പത്തിക വര്‍ഷം ജി.ഡി.പിയുടെ 3.3 ശതമാനമായി നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഇടക്കാല ലാഭവിഹിതം നല്‍കാനുള്ള റിസര്‍വ് ബാങ്കിന്റെ നീക്കം. ഈ വര്‍ഷം നികുതി വരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരുലക്ഷം കോടിയോളം രൂപയുടെ കുറവ് നേരിടുമെന്നിരിക്കേ, മാര്‍ച്ചിന് മുമ്പ് ലാഭവിഹിതം ലഭ്യമായാല്‍ പ്രതിസന്ധി ഒരുപരിധി വരെ മറികടക്കാനാകുമെന്ന് ധനമന്ത്രാലയവും വിലയിരുത്തുന്നു. ജൂലായ് ജൂണ്‍ കലണ്ടര്‍ പിന്തുടരുന്ന റിസര്‍വ് ബാങ്ക് കഴിഞ്ഞവര്‍ഷം സര്‍ക്കാരിന് നല്‍കിയ ലാഭവിഹിതം 10,000 കോടി രൂപയാണ്. ധനക്കമ്മി നിയന്ത്രണം ശ്രമകരമായ പശ്ചാത്തലത്തില്‍ ഇത്തവണയും സര്‍ക്കാര്‍ ഇടക്കാല ലാഭവിഹിതം തേടുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. ലാഭവിഹിതം, കരുതല്‍ ധനശേഖരത്തിലെ ഒരു വിഹിതം കൈമാറല്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രവും റിസര്‍വ് ബാങ്കും തമ്മിലുണ്ടായ കനത്ത പോരിന് താത്കാലിക ശമനമേകുന്നതുമാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നീക്കം.കേന്ദ്രവും റിസര്‍വ് ബാങ്കും തമ്മിലെ പോരിനെ തുടര്‍ന്നാണ്, ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചതും തത്സ്ഥാനത്തേക്ക് മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് എത്തിയതും. ലാഭവിഹിതം, കരുതല്‍ ധനശേഖരം എന്നിവ സംബന്ധിച്ച് പഠിക്കാനായി കേന്ദ്രവും റിസര്‍വ് ബാങ്കും ചേര്‍ന്ന് മൂലധന ചട്ട പരിഷ്‌കരണ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍