ഇടമണ്‍ കൊച്ചി വൈദ്യുതി ലൈന്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകും കൂടംകുളത്തുനിന്ന് വരും 326 മെഗാവാട്ട്

തിരുവനന്തപുരം: പ്രക്ഷോഭങ്ങളും കേസുകളും കാരണം ഒന്നരപതിറ്റാണ്ട് നീണ്ട ഇടമണ്‍ കൊച്ചി വൈദ്യുതിലൈന്‍ നിര്‍മ്മാണം ഒടുവില്‍ പൂര്‍ത്തിയാവുന്നു. തമിഴ്‌നാട്ടിലെ കൂടംകുളം വൈദ്യുതി നിലയത്തില്‍ നിന്ന് കേരളത്തിന് അവകാശപ്പെട്ട 326 മെഗാവാട്ട് വൈദ്യുതി പ്രസരണനഷ്ടം കൂടാതെ എത്തിക്കാന്‍കഴിയുന്ന ഇടമണ്‍ കൊച്ചി 400കെ. വി.ലൈന്‍ മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ലൈന്‍ വലിക്കല്‍ പുരോഗമിക്കുന്നു. 2004ല്‍ നിര്‍മ്മാണം തുടങ്ങി. 2010ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. തമിഴ്‌നാട്ടിലെ ഇടമണ്‍വരെ 2011ല്‍ പൂര്‍ത്തിയായി. പത്തനംതിട്ട, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലെ 1780 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നത് തര്‍ക്കത്തിലായി. 380 ഓളം സ്ഥലമുടമകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന് പദ്ധതിക്ക് 2017ല്‍ വീണ്ടും ജീവന്‍വച്ചു. നഷ്ടപരിഹാരത്തുക 314 കോടിയില്‍ നിന്ന് 1020 കോടിയാക്കി വര്‍ദ്ധിപ്പിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംവിധാനവുമൊരുക്കി. ഒക്ടോബര്‍ സ്ഥലമേറ്റെടുക്കല്‍ ജോലികള്‍ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടങ്ങി. സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ മൂന്നില്‍ രണ്ടുഭാഗവും കൊണ്ടുവരുന്നത് സംസ്ഥാനത്തിന് പുറത്തുനിന്നാണ്. മുപ്പത് ശതമാനം വൈദ്യുതി മാത്രമാണിവിടെ ഉത്പാദിപ്പിക്കുന്നത്. ഇതുമൂലം ദേശീയ പ്രസരണ ശൃംഖലയുമായി ചേര്‍ന്ന് കൂടുതല്‍ ശേഷിയുള്ള വൈദ്യുതി ലൈനുകള്‍ അനിവാര്യമാണ്. നിലവില്‍ 2800 മെഗാവാട്ടാണ് സ്ഥാപിത പ്രസരണശേഷി. ഇടമണ്‍ കൊച്ചി ലൈന്‍പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ഇത് 3600 മെഗാവാട്ടായി വര്‍ദ്ധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍