അയോദ്ധ്യ കേസ് ജസ്റ്റിസ് യു.യു.ലളിത് പിന്മാറി, കേസ് ജനുവരി 29ലേക്ക് മാറ്റി

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച അയോദ്ധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ നിന്നും ജസ്റ്റിസ് യു.യു ലളിത് പിന്മാറി. സുന്നി വഖഫ് ബോര്‍ഡിന്റെ ആക്ഷേപത്തെ തുടര്‍ന്നാണ് പിന്മാറിയത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗിന്റെ അഭിഭാഷകനായി ജസ്റ്റിസ് യു.യു ലളിത് ഹാജരായിരുന്നു. ഇത് സുന്നി വഖഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അദ്ദേഹം പിന്മാറിയത്. വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അതേസമയം, കേസ് പരിഗണിക്കുന്നത് 29ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഈ മാസം 29ന് മുമ്പായി സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. രാവിലെ പത്തരയോടെയാണ് അഞ്ചംഗഭരണഘടനാ ബെഞ്ച് അയോദ്ധ്യ കേസ് പരിഗണിച്ചത്. ഇന്ന് തന്നെ വിശദമായ വാദം തുടങ്ങാന്‍ തയ്യാറാണെന്ന് സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഇന്ന് വാദം കേള്‍ക്കുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും വാദം കേള്‍ക്കല്‍ തുടങ്ങുന്നതിന്റെ തീയതി തീരുമാനിക്കുക മാത്രമേ ചെയ്യൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍