ഹജ്ജ് നറുക്കെടുപ്പ് 12ന്; കരിപ്പൂരില്‍ ആദ്യഘട്ട വിമാന സര്‍വീസുകള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു


കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് ജനുവരി 12നു കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. ഹജ്ജ് നറുക്കെടുപ്പ്, വിമാന സര്‍വീസുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നു രാവിലെ 10.30നു സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ചേരും. ഹജ്ജ് അപേക്ഷകളില്‍ അവ്യക്തതകള്‍ നിറഞ്ഞ അപേക്ഷകള്‍ തിരുത്താന്‍ നല്‍കിയ സമയം അഞ്ചിനു അവസാനിക്കുന്നതിനാല്‍ നറുക്കെടുപ്പ് 12ന് നടത്താനാണ് തീരുമാനം. ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ സെപ്റ്റംബര്‍ 18 മുതല്‍ ഡിസംബര്‍ 19 വരെയാണ് സ്വീകരിച്ചത്. അപേക്ഷകളിലെ ഡാറ്റാ എന്‍ട്രികള്‍ പൂര്‍ത്തീകരിച്ചു ജനുവരിക്ക് മുന്പായി ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയാക്കാനായിരുന്നു കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ അപൂര്‍ണമായ അപേക്ഷകള്‍ ലഭിച്ചതിനാല്‍ ഇവര്‍ക്കു കൂടി പരിഗണ നല്‍കാന്‍ തീരുമാനിച്ചതോടെയാണ് നറുക്കെടുപ്പ് ജനുവരി 12ലേക്കു മാറ്റിയത്. കേരളത്തില്‍ ഈ വര്‍ഷം നെടുന്പാശേരി, കരിപ്പൂര്‍ എന്നീ രണ്ടിടങ്ങളിലും ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് അനുവദിച്ചിട്ടുണ്ട്. നിലവില്‍ നെടുമ്പാശേരിയില്‍ ആദ്യഘട്ടത്തിലും കരിപ്പൂരില്‍ രണ്ടാംഘട്ടത്തിലുമാണ് ഹജ്ജ് സര്‍വീസുകളുള്ളത്. എന്നാല്‍ കരിപ്പൂരിലെ സര്‍വീസുകള്‍ ആദ്യഘട്ടത്തിലേക്കു മാറ്റിയാല്‍ മാത്രമേ പ്രവാസികളായ തീര്‍ഥാടകര്‍ക്ക് ഹജ്ജിനു പോകാന്‍ കഴിയുകയുള്ളൂ. പ്രവാസികളായ തീര്‍ഥാടകര്‍ ഏറെയുള്ളതും കരിപ്പൂരില്‍ നിന്നാണ്. കരിപ്പൂരില്‍ നിന്നു ഹജ്ജ് സര്‍വീസുകള്‍ ആദ്യഘട്ടത്തിലേക്കു മാറ്റണമെന്നാവശ്യം ഇന്നു ചേരുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി പറഞ്ഞു. ഹജ്ജ് അപേക്ഷകരില്‍ 85 ശതമാനം പേരും യാത്രയാകുന്നത് കരിപ്പൂരില്‍ നിന്നാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍