ഹര്‍ത്താല്‍ ആക്രമണം: 1108 കേസുകളിലായി 1718 പേര്‍ അറസ്റ്റില്‍

തിരുവന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ആക്രമണം നടത്തിയ 1718 പേരെ അറസ്റ്റ് ചെയ്തു. 1108 കേസുകളിലായാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇതുവരെ 1009 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. അതേസമയം, എല്ലാ ജില്ലകളിലെയും അക്രമങ്ങള്‍ അന്വേഷിക്കാനും പ്രതികളെ പിടികൂടാനും പൊലീസ് 'ബ്രോക്കണ്‍ വിന്‍ഡോ' പ്രത്യേകദൗത്യം ആരംഭിച്ചു. അക്രമികളെ പിടികൂടി കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിമാരുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. അറസ്റ്റിലാകുന്നവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. അക്രമം കാട്ടിയശേഷം ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചുകള്‍ നടപടിയെടുക്കും. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധിക്കും. ആയുധങ്ങള്‍ കണ്ടെത്താന്‍ ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തും. കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്യും. അക്രമികളുടെ ഫോട്ടോ ആല്‍ബം തയ്യാറാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഡിജിറ്റല്‍ ടീമിന് രൂപം നല്‍കും. അക്രമികളെ അറസ്റ്റ് ചെയ്യാന്‍ ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വര്‍ക്ഷീയ വിദ്വേഷം പടര്‍ത്തുന്നവരെയും അറസ്റ്റ് ചെയ്യുമെന്നും ഡി.ജി.പി ബെഹ്‌റ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍