മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രി, സിന്ധ്യ ഡെപ്യൂട്ടിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പിസിസി അധ്യക്ഷന്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകുമെന്നു റിപ്പോര്‍ട്ട്. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ തീരുമാനം കൈക്കൊണ്ടതായാണു സൂചന. യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മധ്യപ്രദേശ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ കൂടുതല്‍ പേരുടെ പിന്തുണ കമല്‍നാഥിനാണെന്നാണു സൂചന. ചിന്ദ്വാഡയില്‍നിന്നുള്ള ലോക്‌സഭാംഗമായ കമല്‍നാഥ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ രാഹുല്‍ ഡല്‍ഹിയിലേക്കു വിളിച്ചിട്ടുണ്ട്. ബുധനാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷിയോഗങ്ങള്‍ മുഖ്യമന്ത്രിമാരുടെ കാര്യത്തിലുള്ള തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കു വിട്ടിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനു പിന്തുണ നല്‍കുമെന്നു ബിഎസ്പി അധ്യക്ഷ മായാവതിയും സമാജ്വാദി പാര്‍ട്ടിയും പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. 230ല്‍ 114 സീറ്റ് നേടിയ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റിന്റെ കുറവുണ്ടായിരുന്നു. നാലു സ്വതന്ത്രരും കോണ്‍ഗ്രസിനു പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസിന് 121 പേരുടെ പിന്തുണയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍