വിദ്യാഭ്യാസരംഗത്ത് നിലവാരം ഉയര്‍ത്തലും അടിസ്ഥാനസൗകര്യ വികസനവും പ്രധാനം: മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: ഉന്നതവിദ്യാഭ്യാസരംഗത്ത് അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനൊപ്പം അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും പ്രാധാന്യം നല്‍കിവരികയാണെന്ന് മന്ത്രി ജി. സുധാകരന്‍. എംഎല്‍എ എന്ന നിലയിലുള്ള മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 59 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആലപ്പുഴ പ്രാദേശികകേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ കുറേകാലമായി കേരള സര്‍വകലാശാലയില്‍ മോശപ്പെട്ട കാര്യങ്ങളാണ് നടന്നുവന്നത്. അവിടെ ശുദ്ധീകരണം ആവശ്യമാണ്. മികച്ച അക്കാദമിക നിലവാരത്തിലേക്ക് സര്‍വകലാശാലകള്‍ ഉയരണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. ആസ്തി ഫണ്ട് ഉപയോഗിച്ച് നാലു ക്ലാസ് മുറികളും വിശാലമായ കോണ്‍ഫറന്‍സ് ഹാളുമാണ് ആലപ്പുഴ യുടിഐയില്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, സിന്‍ഡിക്കേറ്റംഗം കെ.എച്ച്. ബാബുജാന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. മാത്യു, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. മനോജ് കുമാര്‍, കൗണ്‍സിലര്‍ എ.എം. നൗഫല്‍, പ്രഫ. ജോണ്‍ എം. ജോര്‍ജ്, പ്രിന്‍സിപ്പല്‍ ഡോ. രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു. ബില്‍ഡിംഗ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അബ്ദുല്‍സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മന്ത്രി രചിച്ച കവിത മാസ്മരികത്തിന്റെ സംഗീതാവിഷ്‌കാരവും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍