അപരിചിതര്‍ക്ക് ചികിത്സ: നിയമം വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം : അപ്രതീക്ഷിത ദുരന്തങ്ങളിലും റോഡപകടമുള്‍പ്പെടെയുള്ള അത്യാഹിതങ്ങളിലും അബോധാവസ്ഥയിലോ ഗുരുതരാവസ്ഥയിലോ ആകുന്ന അപരിചിതര്‍ക്ക് സമീപത്തെ മികച്ച ആശുപത്രിയില്‍ അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ നിയമം വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ അതിവേഗം നല്‍കാനും, വേണമെങ്കില്‍ ഉപരിചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്നതിനും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍, സ്വകാര്യാശുപത്രികള്‍, പൊലീസ്, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി എല്ലാ ജില്ലയിലും സംവിധാനം ഉറപ്പാക്കണം. 2017 ആഗസ്റ്റ് ആറിന് രാത്രി കൊല്ലം ഇത്തിക്കരയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. പി.കെ. രാജു, രംഗനാഥന്‍ മനോഹര്‍, അബ്ദുള്‍ ബഷീര്‍, അഡ്വ. ദേവദാസ്, അല്‍ അമീന്‍ എന്നിവരും പരാതി നല്‍കിയിരുന്നു.
പ്രധാന പാതകള്‍ക്കരികിലെ സജമായ എല്ലാ പ്രധാന സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളെയും കോര്‍ത്തിണക്കി രാത്രികാലത്തെ അത്യാഹിത ചികിത്സയ്ക്ക് വെന്റിലേറ്ററും ന്യൂറോ സര്‍ജനെയും ഉറപ്പാക്കണം.ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന ആശുപത്രികളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും 24 മണിക്കൂറും വെന്റിലേറ്റര്‍ ഉള്‍പ്പെടെ ന്യൂറോ സര്‍ജന്റെ സേവനം ഉറപ്പാക്കണം.സജീകരണങ്ങളുണ്ടായിട്ടും അടിയന്തര ചകിത്സ നിഷേധിക്കുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ക്കും ചുമതലക്കാര്‍ക്കുമെതിരെ പിഴ, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടി സ്വീകരിക്കണം. ചികിത്സയ്ക്ക് വേണ്ടി വരുന്ന സാമ്പത്തിക ബാദ്ധ്യത ആശുപത്രികള്‍ക്കും വ്യക്തികള്‍ക്കും റീഇംബേഴ്‌സ് ചെയ്യാന്‍ സംവിധാനമുണ്ടാക്കണം.
ഗുരുതരാവസ്ഥയിലായ അപരിചിത ചികിത്സാര്‍ത്ഥികള്‍ക്കും സേവനം, ഔഷധം, രക്തം എന്നിവ നല്‍കുന്ന വ്യക്തികള്‍ക്കും സ്വകാര്യാശുപത്രികള്‍ക്കും ചെലവും പ്രോത്സാഹനവും നല്‍കാന്‍ ആവശ്യമായ തുക ജില്ലാതലത്തില്‍ സര്‍ക്കാര്‍ ഉറപ്പാക്കണം.അത്യാഹിതത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന സ്വകാര്യ വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പൊലീസിന്റെ മാന്യമായ പെരുമാറ്റവും സഹകരണവും ഉറപ്പാക്കണം.പരാതിക്കാരുടെ താത്പര്യം സംരക്ഷിക്കാന്‍ പുറത്തുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം മെഡിക്കല്‍ ബോര്‍ഡില്‍ ഉറപ്പാക്കണം. ചികിത്സാ നിഷേധം, വൈകല്‍, പിഴവ് തുടങ്ങിയ പരാതികളില്‍ അന്വേഷണച്ചുമതല ആരോഗ്യമേഖലയില്‍ അടിസ്ഥാന വിദ്യാഭ്യാസമുള്ള പൊലീസുദ്യോഗസ്ഥര്‍ക്ക് നല്‍കണം.മെഡിക്കല്‍ ബിരുദമുള്ള പൊലീസ് ഓഫീസര്‍മാരുടെ സാന്നിദ്ധ്യം മെഡിക്കല്‍ ബോര്‍ഡിലുണ്ടാകണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍