ഭക്ഷ്യധാന്യങ്ങളുടെ തൂക്കത്തില്‍ കൃത്യത വരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം

കാസര്‍ഗോഡ്: വാതില്‍പ്പടി വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യധാന്യങ്ങളുടെ തൂക്കത്തില്‍ കൃത്യത വരുത്തുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റേഷന്‍ ഡീലര്‍മാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റേഷന്‍കടകളിലൂടെ ലോട്ടറി ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തമായി ടിക്കറ്റ് വിതരണം ചെയ്യാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ റേഷന്‍ ഡീലര്‍മാര്‍ക്ക് ചെറിയ വേതനമാണ് ലഭിക്കുന്നത്. ഇതിന് പരിഹാരമായാണ് പുതിയ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്. കൂടുതല്‍ ആളുകളും ഇപ്പോഴും റേഷന്‍ കടകളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ലോട്ടറി ടിക്കറ്റ് വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നല്‍കുന്ന മൂന്ന് രൂപയുടെ അരിയാണ് സര്‍ക്കാര്‍ രണ്ടു രൂപക്ക് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഒരു രൂപയുടെ വര്‍ധനവ് വരുത്തിയിട്ടും ഈ വിലയ്ക്ക് അരി നല്‍കുന്നത് വലിയ കാര്യമാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആളുകള്‍ റേഷന്‍ കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വരുന്നത് കൂടിയതായും അഴിമതി ഇല്ലാതാക്കാന്‍ സാധിച്ചതായും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദലി, ജില്ലാ പ്രസിഡന്റ് എ.നടരാജന്‍, പി.കെ.അബ്ദുര്‍റഹ്മാന്‍, ഇ.സതീശന്‍ എന്നിവരും സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍