ഇന്ത്യന്‍ ഓഹരി വിപണിയുടെ നോട്ടം ഇനി അമേരിക്കയിലേക്ക്

കൊച്ചി: അഞ്ച് സംസ്ഥാനങ്ങളിലേക്കായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രഭരണം കൈവശമുള്ള ബി.ജെ.പി തോറ്റെങ്കിലും ഇന്ത്യന്‍ ഓഹരി സൂചികകള്‍ കാര്യമായി അടിപതറിയില്ലെന്ന ആശ്വാസം നിക്ഷേപകര്‍ക്ക് സമ്മാനിച്ചാണ് കഴിഞ്ഞവാരം കടന്നുപോയത്. ബോംബെ ഓഹരി സൂചികയും (സെന്‍സെക്‌സ്) ദേശീയ ഓഹരി സൂചികയും (നിഫ്റ്റി) വന്‍ ചാഞ്ചാട്ടത്തില്‍ ആടിയുലഞ്ഞെങ്കിലും നേട്ടത്തോടെയാണ് കഴിഞ്ഞയാഴ്ചയിലെ വ്യാപാരം പൂര്‍ത്തിയാക്കിയത്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഉര്‍ജിത് പട്ടേല്‍ രാജിവച്ചെങ്കിലും പകരക്കാരനെ ഉടന്‍ നിയമിച്ച കേന്ദ്ര നടപടിയും നിക്ഷേപകര്‍ക്ക് ആശ്വാസകരമാണ്. കേന്ദ്ര ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന പോര് അവസാനിപ്പിക്കാന്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കഴിയുമെന്ന വിലയിരുത്തലുകളും ഓഹരി വിപണിക്ക് പ്രതീക്ഷകള്‍ നല്‍കുന്നു. ആഭ്യന്തര തലത്തില്‍ നിന്ന് ഈവാരം കാര്യമായ വെല്ലുവിളികളില്ല. എന്നാല്‍, ആഗോള തലത്തില്‍ നിന്ന് ഒട്ടേറെയുണ്ടുതാനും. അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരപ്പോര് അയയ്‌ഞ്ഞേക്കുമെന്ന സൂചനകള്‍ ആഗോള തലത്തില്‍ തന്നെ ഓഹരികള്‍ക്ക് കരുത്താകും. എന്നാല്‍, ആശങ്കപ്പെടുന്ന കാര്യം അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ദ്വിദിന വായ്പാനയ അവലോകന യോഗം ഇന്നു തുടങ്ങുമെന്നതാണ്. മുഖ്യപലിശ നിരക്കുകള്‍ കാല്‍ ശതമാനം കൂട്ടുമെന്ന വിലയിരുത്തലുണ്ട്. അതിനേക്കാള്‍ ഉപരി, 2019ലും പലിശ കൂട്ടാനുള്ള നയപ്രഖ്യാപനം ഫെഡറല്‍ റിസര്‍വ് ഇത്തവണത്തെ യോഗത്തില്‍ നടത്തുമോയെന്നതാണ് നിക്ഷേപക ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്. അമേരിക്ക പലിശ കൂട്ടിയാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര വിപണികളില്‍ നിന്ന് വിദേശ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കപ്പെടും. ഇത് ഓഹരി വിപണിയെ തകര്‍ച്ചയിലേക്ക് നയിക്കും. ഡോളര്‍ ശക്തിപ്പെടുമെന്നത് രൂപയെയും തളര്‍ത്തും. ഒരിടവേളയ്ക്ക് ശേഷം ക്രൂഡോയില്‍ വില തിരിച്ചു കയറുന്നതും തിരിച്ചടിയാണ്. ഉത്പാദനം കുറച്ച്, വില കൂട്ടാനുള്ള ഒപെക് രാഷ്ട്രങ്ങളുടെയും റഷ്യയുടെയും നടപടിയാണ് ക്രൂഡോയില്‍ വിലയെ തിരിച്ചു കയറ്റുന്നത്. ഇത് ഏറ്റവുമധികം ബാധിക്കുക ഉപഭോഗത്തിന്റെ 80 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന, ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഇറക്കുമതി രാജ്യമായ ഇന്ത്യയെയാണ്. അതേസമയം, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് നേട്ടമാകുന്നുണ്ട്. നവംബറില്‍ 10,500 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിയ അവര്‍, ഈമാസം ഇതുവരെ ഇന്ത്യയിലേക്ക് ഒഴുക്കിയത് 3,000 കോടി രൂപയാണ്.ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന ഭാരത് 22 ഇ.ടി.എഫിന്റെ മൂന്നാംഘട്ടത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് 10,000 കോടി രൂപയുടെ സമാഹരണം. 5,000 കോടി രൂപ അടിസ്ഥാന വിലയിലായിരിക്കും ഇ.ടി.എഫ് അവതരിപ്പിക്കുക. പരമാവധി 10,000 കോടി രൂപവരെ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യ രണ്ടു ഘട്ടങ്ങളിലായി സര്‍ക്കാര്‍ 22,900 കോടി രൂപ സമാഹരിച്ചിരുന്നു. ഒ.എന്‍.ജി.സി., ഐ.ഒ.സി., എസ്.ബി.ഐ., കോള്‍ ഇന്ത്യ തുടങ്ങി 22 പൊതുമേഖലാ കമ്പനികളുടെ ഓഹരികളാണ്, മ്യൂച്വല്‍ഫണ്ട് മാതൃകയില്‍ അവതരിപ്പിക്കുന്ന ഭാരത് 22 ഇ.ടി.എഫിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍