പൊന്‍മുടിയില്‍ ലോകനിലവാരമുള്ള വികസനപദ്ധതികള്‍ പരിഗണിക്കും

വിതുര: പൊന്‍മുടിയെ ലോകനിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താന്‍ വനസംരക്ഷണം ഉയര്‍ത്തിപ്പിടിച്ചുള്ള വികസന പദ്ധതികള്‍ ആവിഷ്‌ക രിക്കു മെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊന്‍മുടിയിലെ കെടിഡിസിയുടെ ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടില്‍ പുതുതായി പണികഴിപ്പിച്ച 15 കോട്ടേജുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ലോവര്‍ സാനിറ്റോറിയത്തിന്റെ വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി രണ്ടുകോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും . ഇതുവഴി കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനാകും. സന്ദര്‍ശകര്‍ക്ക് സമയം ചെലവഴിക്കാന്‍ കൂടുതല്‍ വിഭവങ്ങള്‍ ഇവിടെ ഒരുക്കേണ്ടതുണ്ട്. വനംവകുപ്പിന്റെ സഹകരണത്തോടെ ഇത്തരം പദ്ധതികള്‍ ആരംഭിക്കുന്നത് പരിഗണിക്കും. ട്രക്കിംഗ്, ക്ലൈമ്പിംഗ്, സൈക്ലിംഗ് പോലുള്ള പദ്ധതികള്‍ ഉണ്ടാകേണ്ടതിന്റെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോള്‍ഡന്‍ പീക്കില്‍ പുതുതായി 15 കോട്ടേജുകളാണ് നിര്‍മിച്ചത്. ഇതിനുപുറമേ, പഴയ ഗസ്റ്റ് ഹൗസില്‍ ഏഴുമുറികള്‍ നവീകരിച്ചിട്ടുണ്ട്. പുതിയ മന്ദിരം പൂര്‍ത്തിയാകാതെ കിടക്കുന്നത് പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും. ജില്ലയില്‍ 150 കോടിയുടെ ടൂറിസം വികസനപദ്ധതികളാണ് വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്നത്. നാശത്തില്‍ കിടന്ന വേളി ടൂറിസ്റ്റ് വില്ലേജ് നവീകരിക്കുകയാണ്. ബോട്ട് വാങ്ങാനും ഫ്‌ളോട്ടിംഗ് റസ്റ്റോറന്റ് നവീകരിക്കാനും നടപടിയായി. ടോയ് ട്രെയിന്‍, ഇക്കോ പാര്‍ക്ക്, അര്‍ബര്‍ പാര്‍ക്ക് തുടങ്ങിയവയും വേളി കണ്‍വന്‍ഷന്‍ സെന്ററും ഉടന്‍ നിര്‍മാണം ആരംഭിക്കും. ആക്കുളം, കോവളം, അരുവിക്കര, നെയ്യാര്‍ഡാം എന്നിവിടങ്ങളിലും മടവൂര്‍പാറയിലും വര്‍ക്കലയിലും ടൂറിസം വികസനത്തിന് നിരവധി പദ്ധതികളാണ് വരുന്നത്. ചടങ്ങില്‍ ഡി.കെ. മുരളി എംഎല്‍എ അധ്യക്ഷത വഹിച്ചു. കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യാതിഥി ആയിരുന്നു. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രന്‍, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി. ചിത്രകുമാരി, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം ഷീബാ ഗിരീഷ്, പെരിങ്ങമ്മല പഞ്ചായത്തംഗം എ.ആര്‍. ജിഷ, കെടിഡിസി ബോര്‍ഡംഗങ്ങളായ കൃഷ്ണകുമാര്‍, പി.പി. ദിവാകരന്‍, പി. ഗോപിനാഥന്‍, യു. ബാബു ഗോപിനാഥ് എന്നിവര്‍ സംബന്ധിച്ചു. കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ ആര്‍. രാഹുല്‍, ഗോള്‍ഡന്‍ പീക്ക് മാനേജര്‍ കെ. വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍