ശബരിമല: നിയമസഭ നാലാം ദിവസവും സ്തംഭിച്ചു

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ വാക് പോര്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യു.ഡി.എഫ് നിയമസഭക്ക് മുന്നില്‍ നടത്തുന്ന സത്യാഗ്രഹത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്ക്‌പോര്. യു.ഡി.എഫിന്റെ മൂന്ന് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെത്തിത്തല പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്. വൈകിവന്ന വിവേകമാണെങ്കിലും ബി.ജെ.പിയെ സഹായിക്കുന്ന കാര്യമാണ് യു.ഡി.എഫ് സമരമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും രണ്ട്തവണ വീതം സംസാരിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവിന് മറുപടി പറയാന്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷ എം.എല്‍.എമാരും കൂടി രംഗത്തെത്തിയതോടെ നിയമസഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബഹളത്തെ തുടര്‍ന്ന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും സഭാ നടപടികളുമായി സഹകരിക്കുമെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ പ്രസംഗം തുടങ്ങിയത്. സമരം പുറത്ത് കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമസഭാ കവാടത്തിന് മുന്നില്‍ എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, ഡോ.എസ്.ജയരാജന്‍ എന്നിവര്‍ സത്യാഗ്രഹം ഇരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇതിന് മറുപടിയുമായി എഴുന്നേറ്റ മുഖ്യമന്ത്രി പരിഹാസ രൂപേണയാണ് പ്രതികരിച്ചത്. ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുന്നതിനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം ബി.ജെ.പിയുമായി ഒത്തുകളിക്കുന്നുവെന്നും എല്ലാകാലത്തും എല്ലാവരെയും പറ്റിക്കാനാവില്ലെന്നും മുഖ്യമന്ത്രിയും മറുപടി പറഞ്ഞതോടെ സ്പീക്കര്‍ ഇടപെടുകയും രണ്ട് പേരോടും ഇരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷവും രംഗത്തെത്തി. ഇതോടെ സഭ സംഘര്‍ഷത്തിലേക്ക് നീങ്ങി. അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും ആരും പിന്മാറാന്‍ തയ്യാറാകാത്തതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് ശബരിമല വിഷയത്തിലെ പ്രതിപക്ഷ ബഹളം കാരണം സഭ പിരിയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍